India

ഹാരിസ് ബീരാന്‍ നിവേദനവുമായി സൗദി എംബസിയില്‍; നഗ്‌നമായ വിദേശകാര്യ ചട്ടലംഘനം

Published by

ന്യൂദല്‍ഹി: മുസ്ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാന്‍ വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ച് ന്യൂദല്‍ഹിയിലെ സൗദി എംബസിയില്‍ അംബാസഡര്‍ റിയാദ് അല്‍ കാബിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.
വിദേശ എംബസികളും സര്‍ക്കാരുകളുമായുള്ള ആശയവിനിമയങ്ങള്‍ വിദേശകാര്യ മന്ത്രാലയം മുഖേനയാകണമെന്നു നിഷ്‌കര്‍ഷിച്ച് 2014 ജനുവരി 28 നു വിദേശകാര്യ മന്ത്രാലയ ഏകോപന വിഭാഗം പുറത്തിറക്കിയ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് മുസഌ ലീഗിന്റെ രാജ്യസഭ അംഗമായ ഹാരിസ് ബീരാന്‍ നടത്തിയത്.
രാജ്യസഭാംഗമെന്ന നിലയില്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമയായ ഹാരിസ് ബീരാന്‍ വിദേശ സര്‍ക്കാരുകളുമായുള്ള ഇടപെടലുകളിലും വിദേശ സന്ദര്‍ശനങ്ങളിലും കര്‍ശനമായ ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ പോലും വിദേശ എംബസികളുമായി ബന്ധപ്പെടേണ്ടത് വിദേശ കാര്യ മന്ത്രാലയം വഴിയാണ്.
സൗദി സ്‌കില്‍ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷന്‍ സെന്റര്‍ കൊച്ചിയിലും കോഴിക്കോട്ടും ആരംഭിക്കണമെന്ന നിവേദനമാണ് ഹാരിസ് ബീരാന്‍ നല്‍കിയത്. പ്രഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നിര്‍ബന്ധമാക്കിക്കൊണ്ട് സൗദി ഗവണ്മെന്റ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം സൗദിയില്‍ നൗപുണ്യ അധിഷ്ഠിത ജോലിക്കുവേണ്ടിയുള്ള വിസക്കായി അപേക്ഷിക്കുന്നവര്‍ക്ക് സൗദി സര്‍ക്കാറിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ നിന്നും ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.

വിദേശ എംബസികളുടെ കേന്ദ്രങ്ങള്‍ രാജ്യത്ത് എവിടെ സ്ഥാപിക്കണമെന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ എംബസികള്‍ക്ക് സെന്ററുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നിരിക്കെ ഹാരിസ് ബീരാന്റെ നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ അധികാരങ്ങളിലുള്ള കൈ കടത്തലായി.

കേരളത്തിനുവേണ്ടി നിവേദനം നല്‍കി എന്നാണ് ബീരാന്‍ അവകകാശപ്പെടുന്നത്. കേരളത്തിന്റെ ആവശ്യം ഉടന്‍ പരിഗണിക്കുമെന്നും അംബാസിഡര്‍ എനിക്ക് ഉറപ്പ് നല്‍കി. എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിക്കുകയും ചെയ്തു. കേരളത്തിന്റെ പ്രതിനിധിയായി ലീഗ് അംഗത്തെ നിയമിച്ചതിനക്കുറിച്ച് ഉത്തരം നല്‍കേണ്ടത് ബന്ധപ്പെട്ടവരാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Haris Beeran