ന്യൂദെൽഹി:ബിഹാർ സ്വദേശിയായ 23 കാരൻ ഹിമാൻഷ് കുമാർ ഗുരുഗ്രാമിലെ ഹോട്ടലിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്ന് മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ 9 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യുവാവിന്റെ അമ്മാവൻ നൽകിയ പരാതിയെ തുടർന്ന് സോഹ്‌ന പൊലീസ് എടിഎസ് സംഘത്തിനെതിരെ കേസെടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.
അതിർത്തി കടന്നുള്ള സൈബർ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് പിടികൂടിയ ആറ് പ്രതികളിൽ ഒരാളാണ് ഹിമാൻഷു കുമാറും ഉൾപ്പെട്ടതായി പൊലീസ് പറയുന്നു. ആറ് പ്രതികളെയും ഹോട്ടൽ മുറിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 14 ലാപ്ടോപ്പുകൾ, ഒരു ടാബ്‌ലറ്റ് 41 മൊബൈൽ ഫോണുകൾ,85 ഡബിറ്റ് കാർഡുകൾ എന്നിവ എടിഎസ് സംഘം കണ്ടെടുത്തു. തീവ്രവാദ ഫണ്ടിംഗ് കേസിന് തെളിവ് ലഭിച്ചതായി എടിഎസ് വ്യക്തമാക്കി. തീവ്രവാദ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഹോട്ടലിലെ ചോദ്യം ചെയ്യലിനിടെ ഹിമാൻഷു കുമാർ മൂന്നാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നു. ആറ് പ്രതികളെയും ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് എടിഎസ് ലോക്കൽ പൊലീസിനെ അറിയിച്ചില്ല.
ഹിമാൻഷു കുമാറിന്റെ അമ്മാവൻ ചന്ദൻ കുമാർ എടിഎസിനെതിരെ രംഗത്ത് വന്നു. സൈന്യത്തിൽ ചേരാനുള്ള പരീക്ഷയ്‌ക്ക് തയാറെടുക്കാനാണ് ഹിമാൻഷു ദെൽഹിയിലെത്തിയതും അടുത്തിടെ ഗുരുഗ്രാമിലേക്ക് മാറിയതുമെന്ന് അമ്മാവൻ പറഞ്ഞു. ഒരു കേസും വാറൻ്റും ഇല്ലാതെയാണ് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തത്. എടിഎസ് ഹിമാൻഷുവിനെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. അമ്മാവൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: