മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപിക എന്ന രീതിയില്‍ താന്‍ അവതരിപ്പിച്ചിരുന്ന ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ ജീവിച്ചിരുന്നില്ലെന്നും തന്റെ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഏറ്റുപറഞ്ഞ് ദിലീപ് മണ്ഡല്‍. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിലെ മാധ്യമ ഉപദേഷ്ടാവാണ് ദിലീപ് മണ്ഡല്‍.
ജനവരി 9 വ്യാഴാഴ്ചയാണ് സമൂഹമാധ്യമപേജില്‍ ഒരു കൂട്ടം പോസ്റ്റുകളിലൂടെ ദിലീപ് മണ്ഡല്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. സാവിത്രി ഫുലെയുടെ ക്ലാസ് മേറ്റ് എന്ന രീതിയിലാണ് ഫാത്തിമ ഷെയ്ഖിനെ ചരിത്രം ഉയര്‍ത്തിക്കാണിച്ചു വന്നിരുന്നത്. പുനെയില്‍ ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ സാവിത്രി ഫുലെയെയും ഭര്‍ത്താവ് ജ്യോതിബായെയും സഹായിച്ചത് ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം വനിതയാണെന്നായിരുന്നു കഥ. 1848ലാണ് പുനെയില്‍ ഈ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.
ദിലീപ് മണ്ഡലിന്റെ വിവാദ ട്വീറ്റ്:
മഹാരാഷ്‌ട്രയിൽ അധഃസ്ഥിതരെയും സ്ത്രീകളെയും വിദ്യാഭ്യാസം നല്‍കി മോചിപ്പിച്ച സാമൂഹ്യ പ്രവർത്തകയാണ് സാവിത്രിബായ് ഫൂലെ. ഉയര്‍ന്ന ജാതിയില്‍ ജനിച്ച സാവിത്രി ഫുലെ അധസ്ഥിതരെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കുകയായിരുന്നു. ഈ സ്കൂള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഫാത്തിമ ഷെയ്ഖ് സഹായിച്ചിട്ടുണ്ടെന്നും ഇവരും ഈ സ്കൂളില്‍ അധസ്ഥിതരെ പഠിപ്പിച്ചിരുന്നെന്നും ഫാത്തിമ ഷെയ്ഖ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം അധ്യാപികയാണെന്നും ആണ് ദിലീപ് മണ്ഡല്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു സ്ത്രീ ജീവിച്ചിരിപ്പില്ലെന്നും താന്‍ വ്യാജമായി സൃഷ്ടിച്ച കഥാപാത്രമാണെന്നുമാണ് ദിലീപ് മണ്ഡല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ അസ്പൃശ്യ ജാതികളിൽപെട്ടവർക്കുമായി സാവിത്രി ഫുലെ സ്വന്തമായി സ്‌കൂൾ ആരംഭിച്ചു. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്‌ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രി ഫുലെയുടെ നിരന്തര പരിശ്രമത്താൽ 1851 ജൂലൈ മാസത്തിൽ വീണ്ടും പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു.ഈ സാവിത്രി ഫുലെയുടെ ക്ലാസ് മേറ്റായിരുന്നു ഫാത്തിമ ഷെയ്ഖ് എന്നും പിന്നീട് ഇവര്‍ സാവിത്രി ഫുലെയെപ്പോലെ അധ്യാപികയായി മാറുകയും അധസ്ഥിതരെ പഠിപ്പിക്കാനുള്ള സ്കൂള്‍ സ്ഥാപിക്കാന്‍ സഹായിച്ചു എന്നുമായിരുന്നു ദിലീപ് മണ്ഡല്‍ കെട്ടുകഥ പ്രചരിപ്പിച്ചത്.
ദിലീപ് മണ്ഡല്‍ ഫാത്തിമ ഷെയ്ഖ് എന്ന ഇല്ലാത്ത കഥാപാത്രത്തെ സൃഷ്ടിച്ചത് എപ്പോള്‍ ?
2019ല്‍ പ്രിന്‍റ് ഓണ്‍ലൈനില്‍ വാര്‍ത്താ വെബ്സൈറ്റില്‍ ദിലീപ് മണ്ഡല്‍ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപികയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. എന്തേ നമ്മള്‍ ഫാത്തിമ ഷെയ്ഖിനെ മറന്നുപോയത് എന്ന തലക്കെട്ടില്‍ എഴുതിയ ഈ ലേഖനത്തില്‍ ആണ് സാവിത്രി ഫുലെയ്‌ക്കൊപ്പം അധ്യാപികയാകാന്‍ പഠിച്ച ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപികയുണ്ടെന്നും പിന്നീട് അധകൃതര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സാവിത്രി ഫുലെ നടത്തിയ സ്കൂളില്‍ വലംകൈയായി ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം അധ്യാപിക പ്രവര്‍ത്തിച്ചിരുന്നുവെന്നും മുസ്ലിം സമുദായത്തിലെ ഇന്ത്യയിലെ ആദ്യ അധ്യാപികയാണ് ഫാത്തിമ ഷെയ്ഖ് എന്നും ഈ ലേഖനത്തില്‍ എഴുതിയത്. ഇപ്പോള്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപിക ഇല്ലെന്നും താന്‍ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് ഫാത്തിമ ഷെയ്ഖ് എന്നും ദിലീപ് മണ്ഡല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
2022ന് മുന്‍പ് ഗൂഗിളില്‍ ഫാത്തിമ ഷെയ്ഖ് എന്ന പേരെ ഉണ്ടായിരുന്നില്ല. ഇവരെക്കുറിച്ച് പുസ്തകമോ ലേഖനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. താനാണ് ഇങ്ങിനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അതിന് ശേഷമാണ് ഗൂഗിളില്‍ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ദിലീപ് മണ്ഡല്‍ പറയുന്നു. സാവിത്രി ഫുലെയുടെ ഭര്‍ത്താവ് ജ്യോതിറാവു അവരുടെ സ്കൂളിനെക്കുറിച്ച് ഒരു വിശദമായ ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ സ്കൂളിലെ അഞ്ച് അധ്യാപികമാരെക്കുറിച്ചും പറയുന്നുണ്ട്. അവരെല്ലാം ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദു സ്ത്രീകള്‍ ആയിരുന്നുവെന്നാണ് ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ ഫാത്തിമ ഷെയ്ഖ് എന്ന ഒരു അധ്യാപകിയെക്കുറിച്ച് പരാമര്‍ശം ഇല്ല.
ദിലീപ് മണ്ഡല്‍ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം അധ്യാപികയെ സൃഷ്ടിച്ചത് എന്തിന്?
വിക്കിപീഡിയയില്‍ ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപികയുടെ ജീവചരിത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിന്തിയ ഫെറാര്‍ എന്ന അമേരിക്കക്കാരി നടത്തിയിരുന്ന സ്കൂളില്‍ അധ്യാപികമാരാകാന്‍ പരിശീലനം നേടിയവരാണ് സാവിത്രി ഫുലെയും ഫാത്തിമ ഷെയ്ഖും എന്നാണ് കഥ. പക്ഷെ ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ ജീവിച്ചിരിപ്പില്ലെന്നാണ് ഇപ്പോള്‍ ദിലീപ് മണ്ഡലിന്റെ വെളിപ്പെടുത്തല്‍. താന്‍ തന്നെ സൃഷ്ടിച്ച ഒരു കഥാപാത്രമായിരുന്നു ഫാത്തിമ ഷെയ്ഖ് എന്ന അധ്യാപിക എന്നാണ് ദിലീപ് മണ്ഡല്‍ പറയുന്നത്. മുസ്ലിങ്ങള്‍ക്കും മഹാരാഷ്‌ട്രയിലെ നവോത്ഥാനത്തില്‍ ഒരു പങ്ക് നല്‍കാന്‍ വേണ്ടിയായിരുന്നു അന്ന് ദളിത് രാഷ്‌ട്രീയക്കാരനായ ദിലീപ് മണ്ഡല്‍ ഇങ്ങിനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് പറയുന്നു. “ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നു.”- ദിലീപ് മണ്ഡല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക