തൃശ്ശൂര്‍: ഭാവഗാനങ്ങളിലൂടെ മലയാളി ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ പി. ജയചന്ദ്രന്റെ (81) ഭൗതികദേഹം വീട്ടിലെത്തിച്ചു. 10 മണി മുതല്‍ സംഗീത നാടക അക്കാദമി ഹാളില്‍ പൊതു ദര്‍ശനം. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടില്‍ നടക്കും.
തൃശ്ശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയചന്ദ്രന്‍ ഒരു വര്‍ഷമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍, കീരവാണി, വിദ്യാസാഗര്‍ തുടങ്ങി പ്രസിദ്ധരായ സംഗീത സംവിധായകര്‍ക്കൊപ്പം ജയചന്ദ്രന്‍ സൃഷ്ടിച്ച ഗാനപ്രപഞ്ചം മലയാളി ഒരു കാലവും മറക്കില്ല.
1985ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജയചന്ദ്രനെ തേടിയെത്തി. അഞ്ചുതവണ സംസ്ഥാനത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടി. 2020ല്‍ ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഭാവഗായകനായാണ് ജയചന്ദ്രന്‍ അറിയപ്പെടുന്നത്. നാല് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1944 മാര്‍ച്ച് മൂന്നിന് കൊച്ചി രവിപുരത്താണ് ജയചന്ദ്രന്റെ ജനനം. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. കൊച്ചി രാജകുടുംബത്തിലെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാനാണ് അച്ഛന്‍. അദ്ദേഹവും സംഗീതജ്ഞനായിരുന്നു. കൊച്ചി പാലിയത്ത് സുഭദ്ര കുഞ്ഞമ്മയാണ് അമ്മ.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങളാണ് ജയചന്ദ്രന്‍ പാടിയത്. 1967ല്‍ എം.എസ്. ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ ജയചന്ദ്രന്‍ പാടിയ അനുരാഗ ഗാനം പോലെ എന്ന പാട്ടിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന സിനിമയിലേതായിരുന്നു ഈ ഗാനം.
പിന്നീട് വേണുവിന്റെ സിനിമകളിലെ സ്ഥിരം പാട്ടുകാരനായി ജയചന്ദ്രന്‍. 71ല്‍ സിഐഡി നസീര്‍ എന്ന ചിത്രത്തില്‍ നിന്‍ മണിയറയിലെ, 73ല്‍ മലയാളഭാഷ തന്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1972ല്‍ നീലഗിരിയുടെ സഖികളെ എന്ന ഗാനത്തിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. എം.എസ്. വിശ്വനാഥനായിരുന്നു സംഗീത സംവിധാനം. 78ല്‍ രാഗം ശ്രീരാഗം എന്ന പാട്ടിനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം.
1985ലാണ് ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യ വിഭോ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 98ലും 2015ലും വീണ്ടും സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. രാസാത്തി ഉന്നേ കാണാതെ നെഞ്ചം, കാത്തിരുന്ത് കാത്തിരുന്ത് തുടങ്ങിയവയെല്ലാം തമിഴില്‍ ഹിറ്റായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം ഗുല്‍മോഹര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഭാര്യ: ലളിത, മക്കള്‍: ലക്ഷ്മി, ദിനനാഥന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക