Kerala

മലയാളി മറക്കില്ല ജയചന്ദ്രന്റെ ഈ 5 ഗാനങ്ങള്‍….മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ച് തവണ ജയചന്ദ്രനിലേക്ക് എത്തിച്ചത് ഈ ഗാനങ്ങള്‍

Published by

തിരുവനന്തപുരം: ജയചന്ദ്രനെ തേടി അഞ്ച് തവണയാണ് മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം എത്തിയത്. യേശുദാസിനോട് മത്സരിക്കാന്‍ ആര് എന്ന ചോദ്യത്തിന് മലയാളികള്‍ക്ക് കൈവന്ന ഉത്തരമായിരുന്നു ജയചന്ദ്രന്‍. മികച്ച ഗായകനുള്ള പുരസ്കാരങ്ങള്‍ മാറി മാറി പങ്കുവെച്ചുകൊണ്ട് അവര്‍ കേരളത്തിലെ ചലച്ചിത്രസംഗീതാസ്വാദകരെ എത്രയോ ദശകങ്ങള്‍ നേര്‍പകുതിയായി പകുത്തു.

പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച “സുപ്രഭാതം…സുപ്രഭാതം… നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു.

എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. എം.എസ്.​വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നത്.

എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ “രാഗം ശ്രീരാഗം” എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാർഡ് ലഭിച്ചു. അര്‍ധശാസ്ത്രീയ സംഗീതം യേശുദാസിനെക്കൊണ്ടേ ആലപിക്കാന്‍ സാധിക്കൂ എന്ന മലയാളിയുടെ വിശ്വാസത്തെ ജയചന്ദ്രന്‍ തകര്‍ത്തെറിഞ്ഞ ഗാനമായിരുന്നു.

1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ “ശിവശങ്കര സർവ്വ ശരണ്യ വിഭോ” എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നിറം എന്ന ചിത്രത്തിലെ “പ്രായം നമ്മിൽ മോഹം നല്‍കി” എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. ബിച്ചു തിരുമലയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം നല്‍കിയത്.

2004-ൽ തിളക്കം എന്ന സിനിമയിലെ’ നീയൊരു പുഴയായ്’ എന്ന ഗാനത്തിന്.സംസ്ഥാന അവാര്‍ഡ് നാലാം തവണയും ജയചന്ദ്രനെ തേടി വന്നു. 2015-ൽ ജയചന്ദ്രന്റെ ഒട്ടേറെ അവിസ്മരണീയ ഗാനങ്ങള്‍ പിറന്ന വര്‍ഷമായിരുന്നു.

ജിലേബി എന്ന സിനിമയിലെ ‘ഞാനൊരു മലയാളി’,  ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം നല്‍കിയ ‘മലർവാകക്കൊമ്പത്തെ’ ..

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ രമേശ് നാരായണ്‍ സംഗീതം ചെയ്ത ചങ്ങമ്പുഴ രചിച്ച ‘ശാരദാംബരം’…. എന്നീ ഗാനങ്ങൾക്കൊട്ടാകെ സംസ്ഥാന പുരസ്കാരം അഞ്ചാം തവണയും ലഭിച്ചു.

1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ‘കിഴക്കു ചീമയിലെ’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക