മലയാളത്തിന്റെ ഭാവഗായകൻ തമിഴന്റെ നെഞ്ചിൽ കൂടുകൂട്ടിയത് ഒരു നൊമ്പരപാട്ടിലൂടെയായിരുന്നു. നായികയെ നഷ്ടപ്പെട്ട നായകന്റെ വിരഹവേദന ജയചന്ദ്രന്റെ സ്വരമാധുര്യത്തിലൂടെ ഒഴുകിയെത്തിയത് തമിഴകത്തിന്റെ നെഞ്ചിലേയ്‌ക്കായിരുന്നു. ആർ. സുന്ദരരാജന്റെ സംവിധാനത്തിൽ വിജയകാന്തും രേവതിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വൈദേഹി കാത്തിരുന്താൾ’ (1984) എന്ന സിനിമയിലെ‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…‘ എന്ന ഗാനം കേട്ടാൽ മതിമറന്ന് നിൽക്കാത്ത തമിഴർ ഉണ്ടാവില്ല .
ഈ സിനിമ റിലീസ് ആയ കാലം. തമിഴ്നാട്ടിലെ കമ്പത്തിന് അടുത്ത് കാടിനോടു ചേർന്ന ഒരു പ്രദേശത്തെ തിയറ്ററിൽ പടം നടക്കുന്നതിനിടെ ‘രാസാത്തി ഒന്നെ….’ എന്ന പാട്ട് തുടങ്ങി അൽപം കഴിഞ്ഞപ്പോഴാണ് ഒരു കൂട്ടം കാട്ടാനകൾ ഗ്രാമത്തിലേക്ക് ഇറങ്ങിവന്നത്.
ഗ്രാമവാസികൾ ആകെ പരിഭ്രമിച്ചു. ഒരകലമിട്ട് അവരും ആനക്കൂട്ടത്തിനൊപ്പം നടന്നു. ആനക്കൂട്ടം തിയറ്ററിനു തൊട്ടടുത്തെത്തി തുമ്പിക്കൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ഒരു ധ്യാനത്തിലെന്നപോലെ നിന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. പാട്ട് തീർന്നപ്പോള്‍ ആനക്കൂട്ടം തുമ്പിക്കൈ താഴ്‌ത്തി ചെവിയാട്ടി കാട്ടിലേക്കു പോയി. ‘വൈദേഹി കാത്തിരുന്താൾ’ എന്ന സിനിമ ആ തിയറ്ററിൽനിന്നു മാറുന്നതുവരെ ഈ സംഭവം തുടർന്നു.’ അത്രയേറെ ആകർഷണമുണ്ടായിരുന്നു ആ ഗാനത്തിന്. ദക്ഷിണേന്ത്യൻ സിനിമാ സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ഇത് തമിഴന്റെ രക്തത്തിൽ അലിഞ്ഞ ഗാനം തന്നെയാണ്.തമിഴരുടെ ഹൃദയവികാരമായി ഈ ഗാനത്തെ മാറ്റിയതിൽ ജയചന്ദ്രൻ വലിയ പങ്ക് വഹിച്ചു.ഈ സിനിമയിലെ ‘കാത്തിരുന്ത് കാത്തിരുന്ത്…’, ‘എന്റൈക്ക് ഏനിന്ത ആനന്ദമേ…’ എന്നീ ഹിറ്റ് ഗാനങ്ങളും ജയചന്ദ്രൻ പാടിയതാണ്.
‘ഏകാന്ത പഥികൻ ഞാൻ’ എന്ന ആത്മകഥയിൽ ഈ ആ അനുഭവം ജയചന്ദ്രൻ പങ്ക് വച്ചിരുന്നു ‘‘ഇളയരാജയുടെ സംഗീതത്തിൽ ഞാൻ പാടിയ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് ‘രാസാത്തി ഒന്നെ…’ തമിഴന്റെ രക്തത്തിൽ കലർന്ന ഗാനം. ഫോക്ക് എന്നോ കർണാടിക് എന്നോ വേർതിരിക്കാനാവാത്ത ഒരപൂർവഗാനം. ഈ ഗാനം എന്നെക്കൊണ്ടു പാടിച്ചതിനു ഞാൻ സർവേശ്വരനോട് എന്നും നന്ദിയുള്ളവനായിരിക്കും…’’
പ്രതികരിക്കാൻ ഇവിടെ എഴുതുക