പത്തനംതിട്ട: കോളേജ് അധികൃതർ അനധികൃതമായി ഹാജർ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി. മൗണ്ട് സിയോൺ ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
കോളേജ് അധികൃതർ അനധികൃതമായി ഹാജർ വെട്ടിക്കുറച്ചെന്നാണ് അശ്വിന്റെ ആരോപണം. സംഭവസ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്. അശ്വിനെ അനുനയിപ്പിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുണ്ട്.
അശ്വിനടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ഡിറ്റൻഷൻ നടപടി നേരിട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളുടെ ഹാജരുകളിൽ ക്രമക്കേട് വരുത്തി യൂണിവേഴ്സിറ്റി വഴി ഡിറ്റൻഷൻ നടത്തിയതെന്ന് തെളിഞ്ഞതാണ്. എന്നിട്ടും വിദ്യാർത്ഥികൾക്ക് കോളേജിൽ തിരികെ വരാൻ പ്രിൻസിപ്പൽ അനുമതി നൽകിയില്ല. അതിൽ ആശങ്കയുളളതുകൊണ്ടാണ് അശ്വിൻ ആത്മഹത്യാഭീഷണി മുഴക്കുന്നത്- വിദ്യാർത്ഥി പ്രതിനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ നിലപാട് തുടരുന്ന പ്രിൻസിപ്പൽ കോളേജിൽ തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെന്റ് പ്രതിനിധികൾ രംഗത്തെത്തി. ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ പറഞ്ഞു.
ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നിലവിൽ പ്രതിഷേധം തുടരുകയാണ് വിദ്യാർത്ഥികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: