ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഗ്രേഡുകള്‍ നല്കുന്ന സര്‍ക്കാര്‍-സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്). കേരളത്തില്‍ നിന്ന് ധാരാളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ എ++ ഉള്‍പ്പടെയുള്ള ഗ്രേഡുകള്‍ നേടി മികവ് തെളിയിച്ചിരുന്നു. ഗ്രേഡുകള്‍ ഉയരുന്നതനുസരിച്ച്, യുജിസിയില്‍ നിന്നും, കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും ഗവേഷണത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം ഫണ്ടുകള്‍ അനുവദിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 പൂര്‍ണ്ണ തോതില്‍ നടപ്പാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി നാകിന് പുറമേ, സമൂല മാറ്റങ്ങളോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കാനുള്ള പുതിയ നടപടികള്‍ക്ക് നേരിട്ടൊരുങ്ങുകയാണ് യുജിസി.
രണ്ട് ഘട്ടങ്ങളായുള്ള പരിശോധനാ സംവിധാനമാണ് ഇതിനായി അവലംബിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ രണ്ട് ഘട്ടങ്ങളിലും യോഗ്യത നേടേണ്ടതായി വരും. ക്വാളിഫയര്‍സ്, ക്വാന്റിഫയര്സ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാവും അവയിലുണ്ടാവുക. യുജിസിയുടെ നടപടിക്രമങ്ങള്‍, എന്‍ഇപിയുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ‘അതെ’, അല്ലെങ്കില്‍ ‘അല്ല’ എന്ന മറുപടികളാണ് നല്‍കേണ്ടത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനം സമര്‍പ്പിക്കുന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പരിശോധനകള്‍. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായി നടപടി എടുക്കുമെന്നും യുജിസി സൂചിപ്പിക്കുന്നു.
ക്വാളിഫയര്‍സ്
ഉന്നതവിദ്യാഭ്യാസ സ്ഥാപനം നിറവേറ്റേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനാ ക്രമങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തരം പതിനൊന്ന് മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. യുജിസി ആക്ടിന്റെ സെക്ഷന്‍ 2(എഫ്) പ്രകാരം അംഗീകൃത സ്ഥാപനമായിരിക്കണം, അതായത് കേന്ദ്ര നിയമത്തിലൂടെയോ, സംസ്ഥാന നിയമത്തിലൂടെയോ സ്ഥാപിതമായ സ്വയംഭരണ സര്‍വ്വകലാശാലയോ, തത്തുല്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമോ ആയിരിക്കണം. കൂടാതെ, ഓള് ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയ്യര്‍ എജ്യൂക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കണം. നിലവില്‍ ഏതെങ്കിലും ഒരു ഗ്രേഡില്‍ നാക് അക്രഡിറ്റേഷന് ലഭിച്ചിട്ടുണ്ടായിരിക്കണം. യുജിസിയുടെ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതിന്റെ സ്വയമേയുള്ള ഡിസ്ക്ലോഷര്‍ ഉണ്ടായിരിക്കണം. കോളജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സമിതികളും, സര്‍വകലാശാല തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓംബുഡ്സ്പേഴ്സണും ഉണ്ടായിരിക്കണം. ഓരോ വര്‍ഷവും യുജിസി പുറത്തിറക്കുന്ന ഫീ റീഫണ്ട് പോളിസി പിന്തുടരുന്നുണ്ടാവണം. ലൈംഗിക അതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചിരിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീന മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള ‘ഉത്സാഹ് ‘എന്ന പോര്‍ട്ടലില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കണം. വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനം ഉപയോഗിച്ച് ലഭ്യമാക്കുകയും, ക്രെഡിറ്റ് പോയിന്റുകള്‍ കൃത്യസമയത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ നിക്ഷേപിക്കുകയും വേണം. ഈ മാനദണ്ഡങ്ങള്‍ പ്രകാരം കൃത്യമായ രേഖകള്‍ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന പക്ഷമായിരിക്കും ഈ തലത്തില്‍ യോഗ്യത നേടാന്‍ സാധിക്കുക.
ക്വാന്റിഫയര്സ്
ഒന്നാം ഘട്ടം യോഗ്യത നേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനമുള്ളൂ. ഈ ഘട്ടത്തിലെ ചോദ്യങ്ങള്‍ക്കാണ് ‘അതെ’, അല്ലെങ്കില്‍ ‘അല്ല’ എന്നുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടത്. ‘അതെ’ എന്ന മറുപടിയുടെ ശതമാനം ഉപയോഗിച്ചാണ് ആകെയുള്ള പോയിന്റുകള്‍ കണക്കാക്കുന്നത്. 49 ചോദ്യങ്ങളാണ് അവയില്‍ ഉള്‍പ്പെടുന്നത്. അവയില്‍ 30 ചോദ്യങ്ങള്‍ എല്ലാവര്ക്കും പൊതുവായതും, 13 ചോദ്യങ്ങള്‍ സര്‍വ്വകലാശാല/ സ്വയംഭരണ കോളജുകള്‍ക്ക് മാത്രമായതും , 6 ചോദ്യങ്ങള്‍ സര്‍വ്വകലാശാലകള്‍ക്ക് മാത്രം ബാധകമായതുമാണ്. 49 ചോദ്യങ്ങളിലൂടെ 49 വ്യത്യസ്ത മാനദണ്ഡങ്ങളാണ് യുജിസി പരിശോധിക്കുന്നത്. ഈ പോയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍, പല പദവികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക.
സ്ഥിരം അദ്ധ്യാപകരുടെ നിയമനം, അവരുടെ പരിശീലനം, എന്‍ഐആര്‍എഫ് പങ്കാളിത്തം, പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, എഐഎസ്എച്ച്ഇ, ഉത്സാഹ് , ഡിജിലോക്കര്‍ , അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് മുതലായ പോര്‍ട്ടലുകളുടെ ഉപയോഗം, 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍, യുജിസിയുടെ കാലാനുസൃതമായി വരുന്ന തീരുമാനങ്ങളുടെ നടപ്പിലാക്കല്‍, ഗവേഷണ-തൊഴിലധിഷ്ഠിത സമിതികളുടെ പ്രവര്‍ത്തനം, പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ പ്രവര്‍ത്തനം, ഇന്റേണ്‍ഷിപ് പ്രോഗ്രാമുകള്‍, ഭാരതീയ ഭാഷകളിലുള്ള അധ്യയന-പരീക്ഷാ രീതി, അഡ്മിഷന് നടപടിക്രമങ്ങള്‍, പൊതുപ്രവേശന പരീക്ഷകള്‍, ഓണ്‍ലൈന്‍- വിദൂര കോഴ്സുകള്‍ എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങളിലൂടെയാണ് രണ്ടാം ഘട്ട മൂല്യനിര്‍ണയം നടക്കുന്നത്.
85 ശതമാനം പാരാ മീറ്ററുകള്‍ നേടാനായി, സര്‍വ്വകലാശാലകള്‍ ഇവയില്‍ 42 ചോദ്യങ്ങള്‍ക്കും, സ്വയംഭരണ കോളജുകള്‍ 37 ചോദ്യങ്ങള്‍ക്കും, മറ്റ് അഫിലിയേറ്റഡ് കോളജുകള്‍ 26 ചോദ്യങ്ങള്‍ക്കും ‘അതെ’ എന്ന് ഉത്തരം നല്കേണ്ടിയിരിക്കുന്നു. തത്വത്തില്‍ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മാത്രമായിരിക്കും ഈ പ്രക്രിയയില്‍ മികച്ച പോയിന്റ് നേടാന്‍ സാധിക്കുക. നിലവില്‍, നാക് ഗ്രേഡും, സിജിപിഐയും ഉപയോഗിച്ച് നല്‍കിയിരുന്ന പല പദവികളും ഇനി മുതല്‍ ഈ പാരാമീറ്ററുകളുടെ ശതമാനക്കണക്ക് ഉപയോഗിച്ചാവും നല്‍കുക. ഉദാഹരണത്തിന്, നാക് സ്കോര്‍ 3.26 നേടുന്ന ഒരു സ്ഥാപനത്തിന് മാത്രമേ, സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്താന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍, ഇനി മുതല്‍ 80% പാരാമീറ്റര്‍ എന്നതായിരിക്കും അതിന്റെ മാനദണ്ഡം. കല്പിത (ഡീംഡ് ) സര്വ്വകലാശാലയാകുവാന് വേണ്ടി തുടര്‍ച്ചയായ മൂന്ന് നാക് ഗ്രേഡിങ്ങുകളില് 3.01 ന് മുകളില്‍ സ്കോര്‍ നേടണമായിരുന്നു . എന്നാല്‍, ഇനി മുതല്‍ 75% പാരാമീറ്ററുകള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് കല്പിത സര്‍വകലാശാല ആകാന്‍ വേണ്ടി അപേക്ഷിക്കാവുന്നതാണ്.
അക്രഡിറ്റേഷന്റെ ഭാവി
നാക് അക്രഡിറ്റേഷന് പുറമെയുള്ള സമൂല മാറ്റങ്ങളാണ് യു.ജി.സി കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ ഗ്രേഡിങ് സമ്പ്രദായം പൂര്‍ണ്ണമായി പരിഷ്കരിക്കുമെന്ന് നാക് ഡയറക്ടറും സമീപ കാലത്ത് അറിയിച്ചിരുന്നു. ഇവ സംയോജിപ്പിച്ച് പോകുന്നത് എപ്രകാരമാണെന്നതില് വ്യക്തത ഇനിയും വരേണ്ടിയിരിക്കുന്നു. നിലവില്‍, ദേശീയ വിദ്യാഭ്യാസ നയത്തോട് പല കാര്യങ്ങളിലും മുഖം തിരിച്ചു നില്ക്കുന്ന കേരളത്തില്‍ ഉള്‍പ്പടെ ഇവ ഏത് രീതിയിലുള്ള പ്രതിഫലനം ഉണ്ടാക്കുമെന്നതും അറിയണം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നിര്‍ദേശങ്ങള്‍ പുതിയ പേരില്‍ ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ ആരംഭിച്ചിട്ടുള്ളതിനാലും, കാലാനുസൃതമായ ഈ പരിഷ്കാരങ്ങളോടും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സഹകരിക്കും എന്നാണ് പ്രതീക്ഷ. ഈ വിഷയങ്ങളിലുള്ള പൊതുജനാഭിപ്രായങ്ങള്‍ ഫെബ്രുവരി 2 വരെ യുജിസിയെ നേരിട്ട് അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: