മഞ്ഞ് പെയ്യുന്ന ഹൈറേഞ്ചില്‍ പ്രക്ഷോഭങ്ങളുടെ ചൂടുയരുന്നു. വനംവകുപ്പ് നടപ്പിലാക്കുന്ന പുതിയ വനനിയമമാണ് ഹൈറേഞ്ച് മേഖലയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. 1961 ലെ നിലവിലുള്ള വനനിയമം മാറ്റി പുതിയ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയത്. മന്ത്രിസഭ തയ്യാറാക്കിയ ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് വനം വകുപ്പ് മന്ത്രിയുടെ നീക്കം.
ഈ നിയമം നടപ്പിലായാല്‍ ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ ജീവിതം കഷ്ടത്തിലാകുമെന്ന തിരിച്ചറിവുകൊണ്ടാണ് ജനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്. മതസൗഹാര്‍ദ കൂട്ടായ്മയും ബിജെപിയും യുഡിഎഫുമാണ് സമരരംഗത്തിറങ്ങുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കരിനിയമമാണിവിടെ നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവില്‍ കേരള പോലീസിനു മാത്രമുള്ള പല അധികാരങ്ങളും വനപാലകര്‍ക്ക് ചാര്‍ത്തിക്കൊടുക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഒരു സാധാരണ ഫോറസ്റ്റ് ഗാര്‍ഡിനു പോലും ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ വാറണ്ടോ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോ വേണ്ട. നിസാര കാരണങ്ങള്‍ക്കോ വൈരാഗ്യത്തിന്റെ പേരിലോ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന ആക്ഷേപവും ശക്തമാണ്. നിലവിലുള്ള ഏലത്തോട്ടങ്ങളില്‍ പകുതിയോളം വരുന്നത് കുത്തകപ്പാട്ട വ്യവസ്ഥയിലാണ്. 20 വര്‍ഷത്തേക്ക് സര്‍ക്കാരിലേക്ക് പാട്ടത്തുക കെട്ടിവെച്ചാണ് ഏലം കൃഷി ചെയ്യുന്നത്. കാലാവധി തീരുന്നതനുസരിച്ച് പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ നിലപാട്.
കുത്തകപ്പാട്ടം പുതുക്കി നല്‍കാനോ പാട്ടത്തുക ഈടാക്കാനോ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. വനവിസ്തൃതി കൂട്ടുന്നതിനും കര്‍ഷകരെ സ്വന്തം കൃഷിയിടത്തില്‍ നിന്നും ഭാവിയില്‍ ഇറക്കിവിടുന്നതിനുമിടയാക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍. അതിന്റെ മുന്നോടിയായാണ് പുതിയ കരിനിയമം കൊണ്ടുവരുന്നതെന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.
വനത്തേയും വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിലവിലുള്ളതാണ്. ഇതൊന്നും കാര്യക്ഷമമായി പാലിക്കാത്ത വനപാലകര്‍ക്ക് പോലീസിനുള്ളതിനേക്കാള്‍ അധികാരം പുതുതായി നല്കുന്നത് ദുരുദ്ദേശപരമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ളത് ഇടുക്കിയിലാണ്. അതില്‍ തന്നെ മൂന്ന് ശതമാനം വര്‍ധനവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആ നിലയില്‍ അനാവശ്യമായ പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനദ്രോഹമാണെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം.
പുതിയ വനനിയമത്തിലെ ജനദ്രോഹ വശങ്ങള്‍
1. നിലവില്‍ കേരള പോലീസിനുള്ള ചില അധികാരങ്ങള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും നല്‍കുന്നു.
2. ഏതൊരു വ്യക്തിയെയും കുറ്റക്കാരനാണെന്ന് പറഞ്ഞ് വാറണ്ടോ ഉന്നതാധികാരികളുടെ മുന്‍കൂട്ടിയുള്ള അനുമതിയോ ഇല്ലാതെ അറസ്റ്റ് ചെയ്യാം.
3. വനം കൊള്ളയ്‌ക്കല്ലാതെയും വനത്തില്‍ വെറുതെ പ്രവേശിച്ചാലും അതിക്രമിച്ചു കയറി എന്ന കുറ്റവും കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തി എന്ന ജാമ്യമില്ലാ വകുപ്പും ചുമത്തി അറസ്റ്റു ചെയ്യാം.
4. ഈ അധികാരം വനം വകുപ്പിലെ ഒരു സാധാരണ ഗാര്‍ഡിനും വാച്ചര്‍ക്കും വരെയുണ്ടായിരിക്കും.
5. സാക്ഷിയില്ലെങ്കിലും ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാം.
6. ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ കുത്തകപ്പാട്ടം പുതുക്കി നല്‍കുന്നില്ല. ഇതിനര്‍ത്ഥം ഇത് വനഭൂമിയാണെന്ന് കണക്കാക്കി കര്‍ഷകരെ ഇറക്കിവിടാം.
7. വനഭൂമിയുടെ വിസ്തൃതി കൂട്ടുകയെന്നതും ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: