വാരണാസി : വാരണാസിയിൽ 40 വർഷമായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു . മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മദൻപുരയിലെ 150 വർഷം പഴക്കമുള്ള ക്ഷേത്രമാണ് അധികൃതരുടെ മേൽനോട്ടത്തിൽ തുറന്നത്.
40 വർഷമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹൈന്ദവ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. താക്കോൽ കാണാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് പൂട്ട് മുറിക്കുകയായിരുന്നു. ക്ഷേത്രത്തിനകത്ത് ഒന്നരയടിയോളം പൊക്കത്തിൽ മൺകൂന നിറഞ്ഞിരുന്നു . ക്ഷേത്രം തുറന്ന വിവരം അറിഞ്ഞയുടൻ സമീപത്തെ സ്ത്രീകൾ ഗംഗാജലവുമായി എത്തി. സ്ത്രീകൾ ഗംഗാജലം കൊണ്ട് ക്ഷേത്രം കഴുകി. മുനിസിപ്പൽ കോർപ്പറേഷനാണ് ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ മൂന്ന് ശിവലിംഗങ്ങൾ കണ്ടെത്തി.
എഡിഎം സിറ്റി അലോക് വർമയുടെ നേതൃത്വത്തിൽ ജില്ലാ അധികൃതരും രംഗത്തെത്തിയിരുന്നു.ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിനു ചുറ്റും പോലീസ് സേനയെ വിന്യസിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേർന്നുള്ള കെട്ടിടത്തിൽ പതിറ്റാണ്ടുകളായി ഒരു മുസ്ലീം കുടുംബം താമസിക്കുന്നുണ്ട്. ബംഗാളി കുടുംബത്തിൽ നിന്നാണ് വീട് വാങ്ങിയതെന്ന് ഇവർ പറഞ്ഞു.ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം പൂജ നടത്തുമെന്ന് കാശി വിദ്വത് പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി രാംനാരായണ ദ്വിവേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക