കൊല്ലം : സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഡോക്ടര്‍ ചിന്താ ജെറോം. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്. വ്യക്തിയധിക്ഷേപം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ നടപടി വേണെമെന്നും ചിന്താ ജെറോം പറഞ്ഞു.
സമീപകാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും അധികം സൈബര്‍ വേട്ടയ്‌ക്ക് വിധേയാക്കപ്പെട്ടയാളാണ് താൻ. വിമര്‍ശനങ്ങള്‍ അതിര് വിട്ട് വ്യക്തിജീവിതത്തെ പോലും ബാധിച്ച നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മളെ അറിയാത്ത ആളുകളല്ലെ ഇങ്ങനെ വിമര്‍ശിക്കുന്നത്. മുഖമില്ലാത്ത കൂട്ടങ്ങള്‍, മുഖംമൂടി കൂട്ടങ്ങള്‍.. തകര്‍ന്നു പോയ പല പെണ്‍കുട്ടികളെയും കണ്ടിട്ടുണ്ട് .
സൈബര്‍ അറ്റാക്കിംഗിനെ തുടര്‍ന്ന് ജീവിതത്തില്‍ കരഞ്ഞിട്ടുണ്ട്. അഭിമന്യു കൊലചെയ്യപ്പെട്ട വേളയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സൗഹൃദം പൂക്കേണ്ട കലാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊതുവേ കേരളത്തിന്റെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലവിലുള്ളത്.
എന്നാലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ് എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിനെ ബോധപൂര്‍വം വേറൊരു തലത്തിലേക്ക് മാറ്റി. മറ്റൊരു സൈബര്‍ അറ്റാക്കിലും ഞാന്‍ ഇത്ര തകര്‍ന്നു പോയിട്ടില്ല .
സമൂഹമാധ്യമങ്ങളില്‍ മോശം നടത്തിയവര്‍ക്ക് എതിരെ താന്‍ നിയമ പോരാട്ടം നടത്തി . വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയാല്‍ എല്ലാവരും നിയമ പോരാട്ടം നടത്തണമെന്നും ചിന്ത ജെറോം കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് എതിരായ സൈബര്‍ അധിക്ഷേപങ്ങള്‍ പലപ്പോഴും തന്നെ വേദനിപ്പിച്ചുവെന്ന് ചിന്താ ജെറോമിന്റെ അമ്മയും പറയുന്നു.:
പ്രതികരിക്കാൻ ഇവിടെ എഴുതുക: