Kerala

തൃശൂരിന് കലാകിരീടം; സ്വർണകപ്പ് തൃശൂരിൽ എത്തുന്നത് കാൽ നൂറ്റണ്ടിന് ശേഷം, രണ്ടാം സ്ഥാനത്ത് പാലക്കാട്

Published by

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാമത്സരത്തിൽ 1008 പോയിൻ്റുമായി തൃശൂർ ജില്ല ഒന്നാമതെത്തി സ്വർണക്കപ്പ് കരസ്റ്റമാക്കി. കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല ഈ നേട്ടം കൈവരിക്കുന്നത്. 1999 കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി സ്വർണകപ്പ് നേടിയത്.

തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ ഒരു പോയിൻ്റ് കൂടുതൽ നേടി തൃശൂർ കപ്പ് സ്വന്തമാക്കുകയായിരുന്നു. 1007 പോയിൻ്റാണ് പാലക്കാട് നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരിന് 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക