ലഖ്‌നൗ : ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണെന്നും കഴിഞ്ഞ ഏഴ് മുതൽ എട്ട് വരെയുള്ള വർഷങ്ങൾ തൊട്ടാണ് ഈ മാറ്റം കൈവരിച്ചതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ 28-ാമത് ദേശീയ യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പുരോഗതിയെ കുറിച്ച് വാചാലനായത്.
പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്ത് സുരക്ഷയും വികസനവുമില്ലാത്തതിനാൽ തങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് മറ്റുള്ളവരോട് പറയാൻ ആളുകൾ മടിച്ചിരുന്നതായി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഒരു ദശാബ്ദം മുമ്പുള്ള ഉത്തർപ്രദേശിനെ നിങ്ങൾ ഓർക്കുന്നുവെങ്കിൽ അവിടെ സുരക്ഷയില്ല, മറിച്ച് കലാപങ്ങൾ ഉണ്ടായി കൊണ്ടിരുന്നു. എല്ലായിടത്തും അരാജകത്വവും ഗുണ്ടായിസവും ഉണ്ടായിരുന്നു. വികസനത്തിൽ നമ്മൾ വളരെ പിന്നിലായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ യുപിയാണ് ഒന്നാം സ്ഥാനത്ത്. എല്ലാ മേഖലയിലും ഈ സംസ്ഥാനം പിന്നോക്കമായിരുന്നു. എന്നിരുന്നാലും ഏഴ് മുതൽ എട്ട് വർഷത്തിനുള്ളിൽ യുപി ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളുടെ റാങ്കിലേക്ക് ഉയർന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയെയും അതിന്റെ സംസ്‌കാരത്തെയും ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാലാണ് ജനുവരി 12 ദേശീയ യുവജനോത്സവമായി ആഘോഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ യുവജനോത്സവം എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
കൂടാതെ ദേശീയ യുവജനോത്സവത്തിലും ദൽഹിയിൽ നടക്കുന്ന പരിപാടികളിലും പങ്കെടുക്കാൻ 63 യുവാക്കളുടെ സംഘം ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാനും സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: