ഗുരുദര്‍ശന രഘന
ഭഗവാന്‍ ശ്രീനാരായണ പരമഹംസ ദേവന്റെ പ്രഥമ സംന്യസ്ത ശിഷ്യനും യോഗീശ്വരനുമായ പുണ്യപുരുഷനാണ് ദിവ്യശ്രീ ശിവലിംഗദാസ സ്വാമികള്‍. ‘പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞ’ ആ മഹാഗുരുവിന്റെ അദ്ധ്യാത്മ ശിക്ഷണത്തില്‍ ആത്മീയതയുടെ പരമകോടിയില്‍ എത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നു വ്യക്തമാക്കുന്നതാണ് സ്വാമികളുടെ പരിപാവനമായ ജീവിതം. ശ്രീനാരായണഗുരുദേവനെ ദൈവ സ്വരൂപത്തില്‍ ആരാധിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടെങ്കിലും ഗുരുദേവന്റെ ഈശ്വരീയത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളവരുടെ സംശയത്തെ ദൂരീകരിക്കാന്‍ പര്യാപ്തമാണ് ആദ്ധ്യാത്മ ശാസ്ത്രാടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഗുരു ഷട്കം എന്ന സ്വാമികളുടെ കര്‍ത്തൃത്വത്തിലുള്ള കൃതി. ഗുരുദേവനെ പ്രത്യക്ഷ ദൈവതമായി ഭജിക്കണമെന്ന് സ്വന്തം ജീവിത നിഷ്ഠകൊണ്ടും രചനയിലൂടെയും അറിയിച്ച ആ ദേഹത്തെ ഗുരുദേവന്‍ ”ശിവലിംഗദാസ് ശിവലിംഗത്തെപ്പോലെയാണ്, ഒരു ദിക്കില്‍ ഉറച്ചാല്‍ ഇളകില്ല” എന്നനുഗ്രഹിച്ചു.
ഗുരുവാണികളില്‍ ജ്ഞാനിയുടെ സ്ഥിതപ്രജ്ഞന്റെ സൂക്ഷ്മഭാവം പ്രകടമായിരിക്കുന്നു. അരുവിപ്പുറം കഴിഞ്ഞാല്‍ പിന്നീട് അറിയപ്പെട്ട ശ്രീനാരായണ കേന്ദ്രമാണ് കുളത്തൂര്‍ ശ്രീനാരായണാശ്രമം. ഗുരുദേവന്റെ ഈ സച്ഛിഷ്യന്‍ ഗുരുദേവന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണിത്. കൂടാതെ അന്നത്തെ കൊച്ചി രാജ്യത്ത് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തില്‍ ഉണ്ടായ പ്രഥമ ആശ്രമമായ പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സ്ഥാപിച്ചതും ശിവലിംഗ സ്വാമികള്‍ തന്നെ. ഗുരുദേവന്‍ അവിടുത്തെ ശിഷ്യ പ്രധാനിയായി ആദ്യം അഭിഷേകം ചെയ്തതും സ്വാമികളെയായിരുന്നു. എന്നാല്‍ ഗുരുദേവന്‍ മഹാസമാധി പ്രാപിക്കുന്നതിനും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ 1919 ജനുവരി 8-ാം തീയതി ബുധനാഴ്ച വെളുപ്പിന് അഞ്ചരമണിയോടെ മഹാപരിനിര്‍വ്വാണം പ്രാപിക്കുകയുണ്ടായി.
ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചതില്‍ ഒന്നായ പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രം സ്വാമികളുടെ സ്മാരകമാണ്. ഒരു മഹാഗുരു അവിടത്തെ ശിഷ്യന്റെ സമാധിയുടെ നാല്‍പ്പത്തൊന്നാം ദിവസം ശിഷ്യന്റെ സ്മരണയില്‍ പ്രതിഷ്ഠ നിര്‍വഹിക്കുക എന്നത് ചരിത്രത്തില്‍ ഇതിനു മുന്‍പോ ശേഷമോ ഉണ്ടോ എന്ന് സംശയമാണ്. ‘ശിഷ്യവാത്സല്യവുമിവയെ ചിന്തിച്ചു മോദാല്‍’ എന്ന് ആശാന്‍ എഴുതിയത് ഇവിടെ അര്‍ത്ഥഗര്‍ഭമാണ്. പക്ഷേ പലതുകൊണ്ടും ഈ അരുമശിഷ്യനെ ഗുരുദേവ ചരിത്രത്തില്‍ വേണ്ടവിധം സ്മരിക്കാതെ പോയി.
ഗുരു ഷട്കത്തിന്റെ കര്‍ത്താവ് എന്നതിനുപരി ഇന്ന് ശ്രീനാരായണ പഠിതാക്കള്‍ക്ക് സ്വാമികളെ അറിയാന്‍ ഉതകുന്ന ഗ്രന്ഥം ‘ശ്രീനാരായണ ശിവലിംഗം’ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അന്വേഷണ കുശലതയുടെ ഫലമായാണ് നമുക്ക് ലഭിച്ചത്. സ്വാമികളുടെ ശിക്ഷണത്തില്‍ ഗുരുദേവ പ്രസ്ഥാനത്തിലേക്ക് നയിക്കപ്പെട്ട മഹാത്മാക്കള്‍ ഉണ്ട്. ‘ശിവലിംഗന്റെ പ്രസാദം’ ശിവപ്രസാദ് എന്നരുളി ഗുരുദേവന്‍ അനുഗ്രഹിച്ച ശിവപ്രസാദ് സ്വാമികള്‍, ആന്ധ്രയില്‍ അധ്യാത്മിക ഗുരുവായി വിളങ്ങുന്ന സദ്ഗുരു മലയാള മഹര്‍ഷി സിദ്ധവൈദ്യനും കൂടിയായിരുന്ന ബ്രഹ്മശ്രീ രാമാനന്ദ സ്വാമികള്‍, പെരിങ്ങോട്ടുകര വിദ്യാനന്ദസ്വാമികള്‍ തുടങ്ങിയവര്‍ ശിവലിംഗദാസ ശിഷ്യന്മാരാണ്. ഒരു യഥാര്‍ത്ഥ ശിഷ്യന്‍ തന്റെ ഗുരുവിനെ അനുധാവനം ചെയ്തിരിക്കും. ശിവലിംഗദാസ സ്വാമികള്‍ യോഗിയായി ആശ്രമങ്ങള്‍ സ്ഥാപിച്ചും ശിഷ്യരെ പരിശീലിപ്പിച്ചും കഴിയുക മാത്രമല്ല കവിവര്യനായിക്കൂടി പ്രകാശിച്ചു. സാധാരണക്കാരനും പ്രാപ്യമാകും വിധം പച്ചമലയാളത്തില്‍ സ്വാമികള്‍ എഴുതിയ പ്രകരണവേദാന്തഗ്രന്ഥമായ ‘വേദാന്തസാരാവലി’യോടു തുല്യമായി മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല. മുപ്പതിലേറെ രചനകള്‍ ഓരോന്നും പഠനാര്‍ഹമാണെങ്കിലും ആ മഹാത്മാവിന്റെ സമാധിയുടെ 126 വര്‍ഷം പിന്നിട്ടിട്ടും പലതും ഇന്നും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലാണ് സ്വാമികളുടെ സമാധി മന്ദിരം. ശാസ്ത്ര പാണ്ഡിത്യം, പരിശുദ്ധി, സേവന തല്‍പരത തുടങ്ങി സവിശേഷ ഗുണങ്ങളാല്‍ അനുഗ്രഹീതനായ ദിവ്യശ്രീ ശിവലിംഗദാസ സ്വാമികളുടെ പാദാരവിന്ദങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: