ലക്നൗ : പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സ് എത്തും. പൗഷ് പൂർണിമയിലെ ആദ്യ സ്നാനത്തിൽ പങ്കെടുക്കാനാണ് ലോറീൻ എത്തുന്നത്.
മഹാകുംഭത്തിന്റെ ഉദ്ഘാടന ദിവസം തന്നെ ലോറീൻ എത്തും. നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദിന്റെ ക്യാമ്പിലാണ് ലോറീന് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെ അവരുടെ ക്യാമ്പിൽ താമസിച്ച് സനാതന ധർമ്മത്തെ പറ്റി പഠനങ്ങൾ നടത്തും.
ജനുവരി 19 മുതൽ കൈലാസാനന്ദിന്റെ ക്യാമ്പിൽ ആരംഭിക്കുന്ന കഥയുടെ ആദ്യ അവതാരക കൂടിയാണ് അവർ. ഇവരെ കൂടാതെ ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയും മഹാകുംഭത്തിൽ പങ്കെടുക്കും . അൾട്ട ഫോർട്ടിന് സമീപം സുധാമൂർത്തിക്കായി ഒരു കോട്ടേജ് ഒരുങ്ങുന്നുണ്ട്.
ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സാവിത്രി ദേവി ജിൻഡാലും മഹാകുംഭത്തിനെത്തുന്നുണ്ട്. സ്വാമി ചിദാനന്ദ് മുനിയുടെ ക്യാമ്പുകളിൽ ഇവർക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്.സ്വാമി അവധേശാനന്ദയുടെ ക്യാമ്പിലാകും ഹേമമാലിനിയ്‌ക്കായി താമസസൗകര്യം ഒരുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: