Kerala

ആസിഫ് അലി മയക്കുമരുന്ന് ഡീലർ എന്നറിയാതെ ആഞ്ജല വലയിൽ വീണു ; ഇരുവരെയും നൂറ് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടി

ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടർന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്

Published by

കൊച്ചി : നൂറ് ഗ്രാം എംഡിഎംഎ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. യുവതിയുടെ പാൻസിന്റെ ഉള്ളിലെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടർന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടർന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു.

മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്. വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്ത് കൊണ്ടിരുന്നത്. ബംഗലുരുവിൽ രാസലഹരിക്കുള്ള പണം സിഡിഎംലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും.

അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്‌ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്‌ക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ സാബുജി എം.എ.എസ്, എസ്.ഐ എ സി ബിജു, എ.എസ്.ഐ റോണി അഗസ്റ്റിൻ, സീനിയർ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by