കൊച്ചി: നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. ഹണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണ്. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൈബര്‍ പോലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പോലീസ്. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പോലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നടിക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾക്കെതിരെ താരസംഘടനയായ അമ്മയും അപലപിച്ചു. സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണി റോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കിയിരുന്നു.
തന്റെ വസ്ത്രധാരണത്തെ വിമർശിക്കുകയും തമാശ പറയുകയും ചെയ്യാം. ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുമായാണ് യുദ്ധം പ്രഖ്യാപിച്ചതെന്നും ഹണി റോസ് ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: