Kerala

വൈദ്യുതി റഗുലേറ്ററി തടസ്സമൊഴിഞ്ഞു; കൊച്ചി തുറമുഖത്ത് ഒഴുകുന്ന സൗരോര്‍ജ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

Published by

മട്ടാഞ്ചേരി: നാലു വര്‍ഷം നീണ്ട തടസ്സങ്ങള്‍ നീങ്ങിയതോടെ കൊച്ചി തുറമുഖത്ത് ഒഴുകുന്ന സൗരോര്‍ജ്ജ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. 2030 ഓടെ മേജര്‍ തുറമുഖങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ സ്വയം പര്യാപ്ത ഊര്‍ജ്ജ മേഖലകളാകണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായാണ് കൊച്ചി തുറമുഖത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തടസ്സങ്ങള്‍ ഒഴിവായതോടെയാണ് കൊച്ചി തുറമുഖത്ത് ഒഴുകുന്ന സൗരോര്‍ജ്ജ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

2020 മാര്‍ച്ചില്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയ ‘ഫ്‌ളോട്ടിങ്ങ് സോളാര്‍ പ്രോജക്റ്റ് ‘ അതോറിറ്റിയുടെ സാങ്കേതിക തടസ്സങ്ങള്‍ മൂലം നിശ്ചലാവസ്ഥയിലായിരുന്നു. പവര്‍ പര്‍ച്ചേഴ്‌സ് കരാര്‍. പദ്ധതിയുടെ ശേഷി വിനിയോഗ ഘടകം അടക്കമുള്ള കരാര്‍ വ്യവസ്ഥകളില്‍ തട്ടിയാണ് തുറമുഖത്തെ പദ്ധതി അനിശ്ചിതത്വത്തിലായത്. സംസ്ഥാന വൈദ്യുതി അതോറിറ്റിയില്‍ കൊച്ചി തുറമുഖ അതോറിറ്റി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുള്ള തീര്‍പ്പിലാണ് 2023 ലെ വൈദ്യുതി മന്ത്രാലയ ഉത്തരവിനെ അടിസ്ഥാനമാക്കി അതോറിറ്റി ടെണ്ടര്‍ അംഗീകാരം നല്‍കിയത്.

തുടര്‍ന്നാണ് ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി തുറമുഖ അതോറിറ്റി പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. കൊച്ചി കായലില്‍ ബിഒടി പാലത്തിനും കണ്ണങ്ങാട്ട് പാലത്തിനും നടുക്ക് ജലത്തിന് മീതെ പാനലുകള്‍ ഒരുക്കിയാണ് തുറമുഖ അതോറിറ്റി ഒഴുകുന്ന സൗരോര്‍ജ്ജ പദ്ധതി ഒരുക്കുന്നത്. ഒന്നര മെഗാവാട്ട് വൈദ്യുതി ഉല്പാദനമാണ് ലക്ഷ്യം. 67 കോടി രൂപയുടെ പദ്ധതി ടെണ്ടര്‍ കാലദൈര്‍ഘ്യം മൂലം അധിക തുക വകയിരുത്തേണ്ടി വരും. പദ്ധതി പ്രദേശത്തെ സര്‍വ്വേ മുതല്‍ ഉല്പാദന-വിതരണ -സംഭരണ-കമ്മീഷനിങ്ങ് വരെ കരാര്‍ പരിധിയില്‍ വരും 25 വര്‍ഷ കാലാവധിയിലാണ് കരാര്‍ . എട്ട് മാസത്തിനകം പദ്ധതിപ്രവര്‍ത്തനക്ഷമമാക്കണമെന്നതാണ് നിര്‍ദ്ദേശം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക