Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി നാടുകണ്ടു…. ഇന്ന് അരങ്ങില്‍ ‘സൈറന്‍’ മുഴക്കി ചരിത്രം കുറിക്കും

Published by

തിരുവനന്തപുരം: കൊടുംവനത്തിലെ ഉള്‍ക്കാടും കാട്ടുചോലയും കാട്ടുമൃഗങ്ങളും തന്റെ ഗോത്രവുമൊക്കെയാണ് സുഭീഷിന്റെ ലോകം. ഗോത്രാചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന മലമ്പണ്ടാര വിഭാഗത്തിലെ അംഗം. സര്‍ക്കാര്‍ കണക്കനുസരിച്ച് ആയിരത്തോളം പേരേയുള്ളൂ ഈ വിഭാഗത്തില്‍. ഉള്‍വനത്തില്‍ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം, ഒരിടത്തും സ്ഥിരമായി താമസിക്കാതെ ചെറുകൂട്ടങ്ങളായി സഞ്ചാരം. കൊല്ലം അച്ചന്‍കോവില്‍ പത്തനംതിട്ട വനമേഖലയില്‍ മാത്രമാണ് ഈ വിഭാഗക്കാരുള്ളത്. ഇവരില്‍ നിന്ന് ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ കലോത്സവത്തിലെത്തുന്നത്. അതും കാടു നശിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരേ, പ്രകൃതി സംരക്ഷണത്തിന്റെ ‘സൈറനും’ മുഴക്കി. പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുഭീഷ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ‘സൈറന്‍’ എന്ന നാടകവുമായാണെത്തുന്നത്. പക്ഷിയായും സ്‌കൂള്‍ കുട്ടിയായും പ്രകൃതിയുമായൊക്കെ സുഭീഷ് ഇന്ന് അരങ്ങിലെത്തും.

പത്തനംതിട്ട ളാഹ വനമേഖലയിലാണ് ഇപ്പോള്‍ സുഭീഷിന്റെ വീട്ടുകാര്‍. മോഹനന്റെയും സുമിത്രയുടെയും ഒന്‍പതു മക്കളില്‍ മൂത്തയാളാണ്. ഒരിടത്തും സ്ഥിര താമസമില്ലാത്തതിനാല്‍ ഒന്നു മുതല്‍ നാലു വരെ അട്ടത്തോടും അഞ്ചു മുതല്‍ ഏഴു വരെ പമ്പാവാലിയിലും എട്ടാം ക്ലാസില്‍ ആങ്ങമൂഴിയിലുമൊക്കെയായിരുന്നു പഠനം. പലപ്പോഴും പഠനമുപേക്ഷിച്ചു കൂട്ടത്തോടൊപ്പം സഞ്ചരിച്ചു. അപ്പോഴെല്ലാം അദ്ധ്യാപകര്‍ തിരികെ സ്‌കൂളിലെത്തിച്ചു. ഒന്‍പതാം ക്ലാസിലാണ് വടശ്ശേരിക്കര എംആര്‍എസിലെത്തുന്നത്. ഒരിക്കല്‍ തിരികെപ്പോയപ്പോള്‍ അദ്ധ്യാപകര്‍ വീണ്ടും കാടുകയറി സ്‌കൂളില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് നാടകത്തില്‍ കഥാപാത്രമായത്. നാടന്‍പാട്ടും ആലപിക്കും.

ഒരു വയസു തികഞ്ഞിട്ടില്ലാത്ത ഏറ്റവും ഇളയ അനുജന്‍ മൊഹിനുവിനെ കാണാന്‍ സുഭീഷ് കൂട്ടത്തിലേക്കു അടുത്തിടെ പോയിരുന്നു. പ്ലസ്ടുവൊക്കെ കഴിഞ്ഞ് ഒരു സര്‍ക്കാര്‍ ജോലി വേണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. തിരുവനന്തപുരത്ത് എല്ലാം കാണണം സുഭീഷിന്. കാട്ടിലെ മൃഗങ്ങളെ കൂട്ടിലടച്ച മൃഗശാല ഒഴികെ… (കൂടുതല്‍ കലോത്സവ വാര്‍ത്തകളും ചിത്രങ്ങളും പേജ് 9)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക