ചോറ്റാനിക്കര: എരുവേലി പാല സ്ക്വയറിന് സമീപം പൂട്ടിക്കിടന്ന വീടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില് കവറിനുള്ളിലാക്കിയ നിലയിലായിരുന്നു. സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടി വന്നതിനാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്ന് പോലീസ് അറിയിച്ചു.
എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. ഫിലിപ്പ് മംഗലശ്ശേരിയുടെ തറവാട് വീടാണിത്. 14 ഏക്കറോളം വരുന്ന ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. 20 വര്‍ഷമായി വീട് പൂട്ടിക്കിടക്കുകയാണ്. ഫിലിപ്പും കുടുംബവും എറണാകുളത്താണ് താമസിക്കുന്നത്. പ്രദേശം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്.
പുതുവത്സരത്തോടനുബന്ധിച്ച് അപരിചിതരായ പലരെയും ഈ പരിസരത്ത് കണ്ടിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തംഗം പോലീസിനെ അറിയിക്കുകയായിരുന്നു. ചോറ്റാനിക്കര എസ്എച്ച്ഒ മനേഷ് കെ.എന്‍, സബ് ഇന്‍സ്പെക്ടര്‍ റോയ് എം.വി, മുരളീധരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ ഫ്രിഡ്ജിനകത്ത് തലയോട്ടി കണ്ടത്തിയത്. അസ്ഥികൂടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അസ്ഥികൂടത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ടാകാമെന്നും കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ എന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: