ചെന്നൈ: സ്വാമി വിവേകാനന്ദനെ അനാദരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ഹിന്ദു മുന്നണി. കന്യാകുമാരി സന്ദര്‍ശിച്ച സ്റ്റാലിന് തിരുവള്ളുവര്‍ പ്രതിമയെയും വിവേകാനന്ദ മെമ്മോറിയല്‍ പാറയെയും ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലം ഉദ്ഘാടനം ചെയ്തുവെങ്കിലും വിവേകാനന്ദ സ്മാരകം സന്ദര്‍ശിച്ചില്ല.
സ്റ്റാലിന്റെ നടപടിയെ അപലപിച്ച് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷന്‍ കാടേശ്വര സി. സുബ്രഹ്മണ്യം എക്സില്‍ പ്രതിഷേധിച്ചു. ചില്ലുപാലം ഉദ്ഘാടനം ചെയ്ത ശേഷം വിവേകാനന്ദ സ്മാരകം സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടി സ്വാമി വിവേകാനന്ദനെ ബോധപൂര്‍വം അപമാനിക്കലാണെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഈ ‘ഹിന്ദു വിരുദ്ധ’ നിലപാട് ഉപേക്ഷിക്കാനും എല്ലാ സമുദായങ്ങളുടെയും പ്രയോജനത്തിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കാനും അദ്ദേഹം സ്റ്റാലിനോട് അഭ്യര്‍ത്ഥിച്ചു. സ്വാമി വിവേകാനന്ദന് ഭാരതത്തിന്റെ പ്രതീകമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു.
സ്വാമി വിവേകാനന്ദന് ഭാരതീയ സംസ്കാരത്തെ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരികയും ലോകമെമ്പാടുമുള്ള ആളുകളെ തന്റെ ആശയങ്ങളാല്‍ പ്രചോദിപ്പിക്കുകയും ചെയ്തു. കന്യാകുമാരിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്, അദ്ദേഹം അവിടെ ആ വിശുദ്ധ ശിലയില്‍ ധ്യാനിച്ചു. ഈ സുപ്രധാന സ്മാരകത്തെ അവഗണിച്ചതിലൂടെ, ഒരു മഹത്തായ ദേശീയ ചിഹ്നത്തിന്റെ പാരമ്പര്യത്തെ സ്റ്റാലിന് അപമാനിച്ചു, കാടേശ്വര സി സുബ്രഹ്മണ്യം പറഞ്ഞു.
ഏകനാഥ് റാനഡെയുടെ ശ്രമഫലമായി സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളുടെ സംഭാവനകള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചതെന്ന് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. സ്റ്റാലിനും ഡിഎംകെയും ഈ ചരിത്രം മായ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മുഴുകുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: