Sports

വിവാദത്തിന് തീകൊളുത്തി നീരജ് ചോപ്ര: രാജ്യത്ത് ഉത്തേജക ഉപയോഗം വലിയ പ്രശ്നം; കായികതാരങ്ങളും പരിശീലകരും ശ്രദ്ധിക്കണം

Published by

മുംബൈ: വലിയ വിവാദത്തിനു തീകൊളുത്തി ഭാരതത്തിന്റെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഭാരതത്തിലെ കായിക താരങ്ങളുടെ ഇടയില്‍ ഉത്തേജക മരുന്നുപയോഗം വ്യാപകമാകുന്നത് വലിയ പ്രശ്നമാണെന്ന് നീരജ്.

‘ഇന്ന് നമ്മുടെ കായികതാരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ഒരു വലിയ പ്രശ്നമാണ്. ഉത്തേജക മരുന്ന് ഒരിക്കല്‍ മനസ്സില്‍ വന്നാല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടാകുമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് നിലവാരത്തില്‍ പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചാല്‍ മാത്രമേ പ്രകടനം മികച്ചതാകൂ എന്ന് അവര്‍ കരുതുന്നു, പക്ഷേ അതല്ല സത്യം. ഇത് അവരുടെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് പ്രാപ്യമായതാണെന്നു കരുതണം. പരിശീലകനില്‍ നിന്നുള്ള ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക. എല്ലാം ശരിയായി ചെയ്യുക. ഒരിക്കല്‍ അവര്‍ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നു, പിടിക്കപ്പെട്ടാല്‍ 2-4 വര്‍ഷത്തെ വിലക്കും ലഭിക്കും. അതോടെ കായിക ജീവിതം അവസാനിക്കുന്നു. അതുകൊണ്ട് മികച്ച നിലവാരത്തില്‍ കളിക്കണമെങ്കില്‍ നമ്മുടെ കായികതാരങ്ങളുടെ ചിന്താഗതി മാറേണ്ടതുണ്ട്. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് അവരെ സഹായിക്കില്ലെന്നും അതില്‍ നിന്ന് അവരെ അകറ്റണമെന്നും അവരോട് ഓരോ പരിശീലകനും തീരുമാനിക്കണം.

ഉത്തേജക ഉപയോഗം കുറയ്‌ക്കുകയും അത്ലറ്റുകതള്‍ക്ക് ശരിയായ അവബോദം നല്‍കുകയും ചെയ്താല്‍ , നമ്മുടെ കായിക നിലവാരം മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു. സ്പോര്‍ട്സില്‍ മിടുക്കനായ ഒരു കുട്ടി നല്ല നിലയിലെത്തുകയും പിന്നീട് ഉത്തേജകമരുന്നിന് വിധേയനാകുകയും ചെയ്യുന്നതാണ് ഇന്നത്തെ കാലത്ത് സംഭവിക്കുന്നത്. അതൊരു പ്രശ്നമാണ്.. അതിനു മാറ്റം വരണം, നീരജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഉത്തേകക ഉപയോഗം വ്യാപകമാണെന്ന് ആദ്യമായാണ് ഒരു പ്രമുഖ കായികതാരം പരസ്യമായി സമ്മതിക്കുന്നത്.

കണക്കുകള്‍ പറയുന്നത്

നീരജിന്റെ ഈപ്രസ്താവന വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തേജക ഉപയോഗം വളരെ വ്യാപകമാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും മറ്റ് ഏജന്‍സികളുടെയുമൊക്കെ നിരീക്ഷണത്തിന് ഉപോദ്ബലകമാകുന്ന പ്രസ്താവനയാണിതെന്ന് കായിക സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഉത്തേജകോപയോഗം ഭാരതത്തിന്റെ കായിക രംഗത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറാണെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഏറ്റവും കൂടുതല്‍ ഉത്തേജക ഉപയോഗം പിടിക്കപ്പെട്ടത് ഭാരതത്തിലാണ്. 3868 സാംപിളുകള്‍ പരിശോധിച്ചതില്‍ 125 പരിശോധനകള്‍ പോസിറ്റീവായിരുന്നു.

നൂറിലേറെ പോസിറ്റീവ് റിപ്പോര്‍ട്ടുകളുള്ള ഏക രാജ്യവും ഭാരതമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ കായികലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജകോപയോഗമുള്ള രാജ്യങ്ങളില്‍ ഭാരതം രണ്ടാമതാണ്. റഷ്യ ഒന്നാമതും ചൈന മൂന്നാമതുമാണ്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കുപ്രകാരം 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 142 അത്ലറ്റുകളുടെ സാമ്പിളുകള്‍ പോസിറ്റീവായിരുന്നു. ഇതില്‍ 27 ക്രിക്കറ്റ് താരങ്ങളില്‍ 13 പേരും പോസിറ്റീവായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവുമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by