ന്യൂദെൽഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ വ്യക്തിവിവരം വെളിപ്പെടുത്തിയ ഝാർഖണ്ഡ് മന്ത്രി ഇർഫാൻ അൻസാരിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഈ വിഷയത്തിൽ തനിക്കെതിരായ ക്രിമിനൽ പ്രോസിക്യൂഷൻ തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചപ്പോഴായിരുന്നു സുപ്രീം കോടതി വിമർശനം.
നിങ്ങൾക്ക് എല്ലാറ്റിലും പബ്ലിസിറ്റി വേണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അതിജീവിതയെ സന്ദർശിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു. നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ല. ഒറ്റയ്‌ക്കോ ഒന്നോ രണ്ടോ പേരുമായോ എന്ത് കൊണ്ട് സന്ദർശിക്കാൻ പോകാതിരുന്നത്. എന്തിനാണ് ഒരു കൂട്ടം അനുയായികളുമായി നിങ്ങൾ അതിജീവിതയെ സന്ദർശിക്കാൻ പോയത് ? ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അനുമതി നൽകുകയും ചെയ്തു.
2018 ഒക്ടോബർ 28 ന് ജംതാര എംഎൽഎയായിരുന്ന മന്ത്രി ഇർഫാൻ അൻസാരി അനുയായികളോടൊപ്പം അതിജീവിതയെ ആശുപത്രിയിൽ സന്ദർശിക്കുകയും അതിജീവിതയുടെ പേരും വിലാസവും ഫോട്ടോഗ്രാഫുകളും മാധ്യമങ്ങളുമായി പങ്ക് വെക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: