ലഖ്നൗ: മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിന്റെ പേര് അമൃതസ്നാനം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ മുഖ്യപരിപാടിയായ ഷാഹി സ്നാനത്തിന്റെ ഭാഗമായി നാഗസാധുക്കള്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആത്മീയ ഗുരുക്കന്മാരും വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് ഈ ചടങ്ങ്. രാജകീയ സ്നാനമായാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്.
ഇതുവരെ ഷാഹി സ്നാന്‍ എന്ന് വിളിച്ച ചടങ്ങിനാണ് അമൃതസ്നാന്‍ എന്ന പുതിയ പേര് നല്‍കിയിരിക്കുന്നത്. മഹാകുംഭമേളയിലെ പദങ്ങളും സനാതനധര്‍മ്മത്തിന് ചേരുന്നതായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഷാഹി സ്നാനത്തെ അമൃതസ്നാന്‍ എന്നാക്കി മാറ്റിയത്.
ഒരു പേഴ്സ്യന്‍ പദമാണ് ഷാഹി അഥവാ ശാഹി. ഇതിന്റെ അര്‍ഥം റോയല്‍ എന്നാണ്. ശാഹി സ്നാന്‍ എന്ന രാജീകീയ സ്നാനം എന്നര്‍ത്ഥം. ഇതാണ് ഭാരതീയമായ അമൃതസ്നാന്‍ എന്നാക്കി മാറ്റിയത്
എന്താണ് അമൃതസ്നാനത്തിന്റെ ലക്ഷ്യം?
മഹാകുംഭമേളയ്‌ക്ക് ഭക്തരും സന്യാസിമാരും വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലാണ് മുങ്ങിക്കുളിക്കുക. ഇങ്ങിനെ മുങ്ങിക്കുളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കഴുകിക്കളയുന്നത് അവരിലെ പാപമാണെന്നാണ് വിശ്വാസം. ഒപ്പം അവര്‍ക്ക് ദൈവാനുഗ്രഹവും ലഭിക്കുന്നു. ഈ ചടങ്ങ് നടക്കുന്നതോടൊപ്പം കോടിക്കണക്കിന് ഭക്തര്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ഭജനുകള്‍ ആലപിക്കുകയും ചെയ്യുമ്പോള്‍ ചടങ്ങിന് ഭക്തിയുടെയും ആത്മീയോര്‍ജ്ജത്തിന്റെയും ഭാവം പകര്‍ന്ന് കിട്ടുന്നു. ഇത് അമൃതസ്നാനത്തെ കൂടുതല്‍ വിശുദ്ധമായ അനുഭവമാക്കി മാറ്റുന്നു.
മഹാകുംഭമേളയ്‌ക്ക് പുരാണത്തിലെ പാലാഴി മഥനവുമായി ബന്ധമുണ്ടല്ലോ.പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന അമൃത് അസുരന്മാരുടെ കയ്യില്‍ പെടാതെ കൊണ്ടുപോകുന്നതിനിടയില്‍ ഏതാനും തുള്ളികള്‍ പ്രയാഗ് രാജില്‍ വീണിരുന്നു. അതിനാലാണ് ഇവിടെ മഹാകുംഭമേള നടക്കുന്നത്. അമൃതിലുള്ള കുളി എന്നും നിത്യജീവന്‍ നല‍്കുന്ന കുളി എന്നും ഈ കുളിയെ അര്‍ത്ഥമാക്കാനാണ് യോഗി ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: