Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം; അപേക്ഷ ഫെബ്രുവരി 1 വരെ

Published by

കാസര്‍കോട്: കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാലയായ കാസര്‍കോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.

2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിക്കുക. കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാം. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാര്‍ച്ച് ആദ്യ വാരത്തില്‍ ലഭിക്കും. പരീക്ഷക്ക് നാല് ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പരീക്ഷ ഉണ്ടാവുക. ഹെല്‍പ്പ് ഡസ്‌ക്: 01140759000. ഇ മെയില്‍: helpdesk-cuetpg@nta.ac.in

പ്രോഗ്രാമുകളും സീറ്റുകളും

26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്. പ്രോഗ്രാമുകളും സീറ്റുകളും: എം.എ. എക്കണോമിക്സ് (40), എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി (40), എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് (40), എം.എ. മലയാളം (40), എം.എ. കന്നഡ (40), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30), എംഎസ്സി ജീനോമിക് സയന്‍സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ – ജനറല്‍ (40), എംബിഎ – ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക