ശ്രീനാരായണഗുരു ദേവന് 1888-ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ്, 1852-ല്‍ അവര്‍ണര്‍ക്കായി ക്ഷേത്രം പണിത് ശിവനെപ്രതിഷ്ഠിച്ച സാമൂഹ്യ പരിഷ്ക്കാര്‍ത്താവും നവോത്ഥാന നായകനുമാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍. ബ്രാഹ്മണ വേഷത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ താമസിച്ച് ആണ് ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പണിക്കര്‍ പഠിച്ചത്. കാര്‍ത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്. ഇവിടെ നിത്യപൂജയ്ക്ക് നിയോഗിച്ചതും അബ്രാഹ്മണനെ ആയിരുന്നു. എല്ലാ ജാതി മതസ്ഥഥര്‍ക്കും അവിടെ ആരാധനാ സ്വാതന്ത്ര്യവും നല്കി.
നിരന്തര പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അനീതികള്‍ക്കെതിരെ ഐതിഹാസിക ചെറുത്തുനില്‍പ്പിന്റെ മറുപേരായിരുന്നു വേലായുധപ്പണിക്കര്‍. കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നല്കിയതും പിന്നാക്ക സ്ത്രീകള്‍ക്ക് മൂക്കുത്തി ധരിക്കാന്‍ അവസരമൊരുക്കി മൂക്കുത്തി വിളംബരം നടത്തിയതും അദ്ദേഹമായിരുന്നു.
ആലപ്പുഴ ജില്ലയിലെ, കാര്‍ത്തികപ്പള്ളി താലൂക്കില്‍, ആറാട്ടുപുഴ മംഗലം ഗ്രാമത്തിലെ സമ്പന്ന ഈഴവ തറവാടായ കല്ലിശ്ശേരില്‍ തറവാട്ടില്‍ 1825 ജനുവരി 7 ന് ആണ് വേലായുധ പണിക്കരുടെ ജനനം.
പിതാവ്, കായംകുളം എരുവയില്‍ കുറ്റിത്തറ ഗോവിന്ദപ്പണിക്കര്‍ ആയൂര്‍വേദം, ജ്യോതിഷം, കളരിപ്പയറ്റ് ഇവയിലൊക്കെ വിദഗ്ധനായിരുന്നു. അമ്മ, പേരുകേട്ട കളരി അഭ്യാസിയായിരുന്ന മംഗലം പ്രമാണി പെരുമാള്‍ അച്ഛന്റെ മകളായിരുന്നു. പണിക്കര്‍ ജനിച്ച് പതിമൂന്നാം നാള് അമ്മ മരിച്ചു. പിന്നീട് അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ പണിക്കര്‍ മലയാളം, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളും, ആയുര്‍വ്വേദം, ജ്യോതിഷം, വ്യാകരണ ശാസ്ത്രം, മര്‍മകല എന്നിവയും ആയോധന വിദ്യയും, കുതിരസവാരിയും അഭ്യസിച്ചു.
ഇരുപതാം വയസ്സില്‍ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടിലെ (ശ്രീനാരായണഗുരു പഠിക്കാനെത്തിയ തറവാടാണ് വാരണപ്പള്ളി) വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഏഴ് ആണ്മക്കളാണ്. പെരുമാള്‍ അച്ഛന്റെ മരണ ശേഷം പണിക്കര്‍ തറവാട്ടു ചുമതല ഏറ്റെടുത്തു.
മാടമ്പിത്തമ്പുരാനായി വാഴാനല്ല, മറിച്ച് ചുറ്റുവട്ടത്ത് കണ്ട അനീതിയും അക്രമവും അസമത്വവും നിരന്തരം ചോദ്യം ചെയ്യാനാണ് പണിക്കര്‍ ശ്രമിച്ചത്. അതിനായി ശിഷ്യന്മാരെയും യുവാക്കളെയും കൂടെക്കൂട്ടി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനായി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമങ്ങളും പടിത്തരവും തിരുവിതാംകൂര്‍ രാജാവിന്റെ രത്നവും കായംകുളം കായലില്‍ വെച്ച് കൊള്ളക്കാരന് കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും അപഹരിച്ചു. തിരുവിതാംകൂര്‍ പോലീസും പട്ടാളവും അന്വേഷിച്ചിട്ടും ഒരു ഫലവും കിട്ടിയില്ല. സാളഗ്രാമവും രത്നവും കണ്ടുപിടിച്ച് നല്കാന് തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇരുട്ടി വെളുക്കും മുന്‍പ് പണിക്കര്‍ രത്നവും സാളഗ്രാമവും പടിത്തരവും വവ്വാക്കാവില്‍ നിന്നും പിടിച്ചെടുത്ത് രാജാവിന് നല്കി. പണിക്കരുടെ രണ്ടു കൈകളിലും വീരശൃംഖല നല്‍കിയാണ് രാജാവ് ആദരിച്ചത്. അങ്ങനെ അദ്ദേഹം ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ പ്രിയപ്പെട്ടവനായി.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയില്‍ 1853-ല്‍ പണിക്കര്‍ ഒരു പുതിയ ശിവക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്ര നിര്‍മ്മാണവും വിഗ്രഹ പ്രതിഷഠയും അവര്‍ണ ധര്‍മ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് ഇത് മുടക്കാന്‍ സവര്‍ണര്‍ ശ്രമിച്ചപ്പോള്‍ ഒരു അബ്രാഹ്മണന്റെ കാര്‍മ്മികത്വത്തില്‍ മംഗലത്ത് ആദ്യം നടത്തിയ ശിവ പ്രതിഷ്ഠ ദിവാനു മുന്നില്‍ തെളിവായി ചൂണ്ടിക്കാട്ടി എല്ലാ എതിര്‍പ്പുകളേയും അദ്ദേഹം മറികടന്നു.
കേരളത്തില്‍ ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണനും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആണ്. 1862-ല്‍ അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവ സമുദായക്കാരുടെ ആദ്യത്തെ കഥകളിയോഗമായിരുന്നു. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക് അവകാശമില്ലെന്നു തിരുവിതാംകൂര്‍ സര്‍ക്കാരില്‍ പരാതി കിട്ടിയപ്പോള്‍ ദിവാന് ടി. മാധവറാവു പണിക്കരെയും പരാതിക്കാരെയും വിളിപ്പിച്ചു വാദംകേട്ടു. അന്നത്തെ തീര്‍പ്പിലാണു അവര്‍ണ ജാതിക്കര്‍ക്കു കഥകളി പഠിച്ച് അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്.
1874 ജനുവരി മൂന്നിന് (1874 ധനു 24) ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
ഒരു കേസിന്റെ ആവശ്യത്തിനായി പാതിരാത്രി കൊല്ലത്തുനിന്നും തണ്ടുവച്ച വള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്.
മറ്റൊരു വള്ളത്തില്‍ വേഷം മാറിവന്നു പണിക്കരുടെ വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവ് ‘തൊപ്പിയിട്ട കിട്ടന്’ ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഈ കിട്ടന്, ഹൈദര്‍ എന്ന പേരില്‍ ഇസഌംമതം സ്വീകരിച്ച പണിക്കരുടെ ഒരു അകന്ന ബന്ധു ആയിരുന്നു. ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങള്‍ ഈഴവരെ മതപരിവര്‍ത്തനം ചെയ്യിക്കുന്നതിനെ പണിക്കര്‍ ശക്തമായി എതിര്‍ത്തതിന്റെ പ്രതികാരരമാണ് ഹൈദറിലൂടെ അവര്‍ നടപ്പിലാക്കിയത്.
നെഞ്ചില്‍ തറച്ച കഠാരയുമായി എഴുന്നേറ്റ വേലായുധപ്പണിക്കര്‍ ഹൈദറിനെ കഴുത്തുഞെരിച്ചു കൊന്നു. ഇതുകണ്ടു ഭയന്ന ബാക്കിയുള്ളവര്‍ കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: