ബെംഗളൂരു: സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളിലൊന്നായ ചേസര്‍ പകര്‍ത്തിയ ഭൂമിയുടെ സെല്‍ഫി വീഡിയോ ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവച്ചു. ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. സ്‌പെയ്‌ഡെക്‌സ് ബഹിരാകാശ ഡോക്കിങ്ങിന് മുന്നോടിയായി ചേസര്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണിത്.
ചലിക്കുന്ന ഭൂമിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയില്‍ നീലചാലുകളും കാണാം. സമുദ്രങ്ങളാണ് നീല നിറത്തില്‍ ദൃശ്യമാകുന്നതെന്നാണ് നിഗമനം. ചേസര്‍ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ നിരീക്ഷണ കാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജനുവരി രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചത്.
ഐഎസ്ആര്‍ഒയുടെ 2024ലെ അവസാനത്തെ ദൗത്യമാണ് സ്‌പെയ്‌ഡെക്‌സ്. ഡിസംബര്‍ 30നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി60ല്‍ ഭ്രമണപഥത്തിലെത്തിച്ച ചേസറിനെയും ടാര്‍ഗറ്റിനെയും ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം.
ജനുവരി ഏഴിനാണ് ഈ ഡോക്കിങ് നടക്കുക. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ദൗത്യം വിജയകരമായാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക