പാമ്പിന് ഫണമണി കുട ചൂടുന്നൊരു
യോഗമഹാമണി പീഠം
മണിപീഠത്തിലെയുദയാകാശ-
പ്രഭയില്‍ ബ്രഹ്മലയങ്ങള്‍
(പൂങ്കാവനം, പി. കുഞ്ഞിരാമന് നായര്‍)
കണ്ടു വളര്‍ന്ന ആചാരങ്ങളും കേട്ടിരുന്ന കഥകളും വിശ്വാസത്തിനുമപ്പുറം നമ്മുടെ നിലനില്‍പ്പിന് ആധാരമെന്ന തിരിച്ചറിവില്‍ നിന്നാരംഭിച്ച യാത്ര. പത്തുവര്‍ഷത്തെ കാത്തിരിപ്പ്. ഒടുവില്‍ ആ യാത്ര പൂര്‍ത്തിയാക്കി, തീസിസ് സമര്‍പ്പിച്ചു. നരേറ്റീവ്സ് ഇന്‍ ട്രാസ്ലേഷന്: എ സ്റ്റഡി ഓഫ് മിത്സ് ഓണ്‍ സെര്‍പ്പന്റ് വര്‍ഷിപ് ഇന്‍ കേരള (കേരളത്തിലെ നാഗാരാധനയ്ക്കു പിന്നിലെ ഐതിഹ്യങ്ങളെക്കുറിച്ച് ഒരു പഠനം) എന്ന വിഷയത്തില്‍ തിരുവനന്തപുരം സ്വദേശി അപര്‍ണ ജിത്തിന് പിഎച്ച്ഡി സ്വന്തം.
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദില്‍ എംഫില്‍ ചെയ്യുന്ന കാലം. മുത്തശ്ശിക്കഥകളുടെ വേര് ചികഞ്ഞിറങ്ങിയ ഒരു ഗവേഷണ വിദ്യാര്‍ത്ഥി. പിഎച്ച്ഡിക്ക് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ വ്യത്യസ്തത വേണമെന്ന് അപര്ണയ്ക്ക് ആഗ്രഹം. അതും സ്വന്തം നാടുമായി ബന്ധപ്പെട്ടുതന്നെയാവണമെന്ന് മനസിലുറപ്പിച്ചിരുന്നു.
ഹൈദരാബാദിലെ ടെമ്പിള്‍ കോംപ്ലക്സില്‍ പോകുന്ന സമയത്താണ് ആദ്യമായി നാഗാരാധനയെക്കുറിച്ച് ചിന്തിച്ചത്. ക്ഷേത്രങ്ങളിലെ നാഗപ്രതിഷ്ഠകള്, തറവാടുകളിലെ സര്‍പ്പക്കാവുകള്‍… എല്ലാം പരിചിതമാണ്. പക്ഷേ ഹൈദരാബാദിലെ ടെമ്പിള്‍ കോംപ്ലക്സില്‍ കുറച്ചധികം ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പന്റെ അമ്പലത്തില്‍ മാത്രമാണ് നാഗ പ്രതിഷ്ഠ. അതെന്താണങ്ങനെ? മനസില്‍ കയറിക്കൂടിയ ഈ ചോദ്യമാണ് അപര്‍ണയുടെ പിഎച്ച്ഡി വിഷയമെന്നു തന്നെ പറയാം.
കേരളത്തില്‍ സര്‍പ്പക്കാവുകള്‍ക്കുള്ള പ്രാതിനിധ്യം, സംസ്കാരത്തില്‍ സര്‍പ്പങ്ങള്‍ക്കുള്ള പ്രാധാന്യം, നാഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍…ഇതെല്ലാം ഗൈഡ് ബംഗാളില്‍ നിന്നുള്ള ഡോ. ശ്രീപര്‍ണദാസുമായി ചര്‍ച്ച ചെയ്തു. ബംഗാളില്‍ ശിവ ഭഗവാന്റെ മകളായ മനസയെ നാഗദേവതയായി ആരാധിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചു. വിഷയത്തിന്റെ സാധ്യതകള്‍ വിലയിരുത്തി. ഇതിന്റെ ഭാഗമായി നാട്ടിലെത്തി പഠനം നടത്തി. അങ്ങനെ വിഷയമിതുതന്നെയെന്നുറപ്പിച്ചു.
കേരളത്തിലെ സര്‍പ്പക്കാവുകളുമായി ബന്ധപ്പെട്ട കഥകള്‍, ഐതിഹ്യം… ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം കാവുകളെ സംരക്ഷിക്കേണ്ടതിന്റെയും അവയുടെ നിലനില്‍പ്പിന്റെയും പ്രാധാന്യം തുടങ്ങിയ വഴികളിലൂടെയായിരുന്നു അപര്‍ണയുടെ ഗവേഷണ യാത്ര. കേരളത്തിലെ എല്ലാ സമൂഹവുമായും സര്‍പ്പങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. പലര്‍ക്കും വിശ്വാസങ്ങള്‍ വ്യത്യസ്തമെന്നുമാത്രം. ഭൂമിയില്‍ സര്‍പ്പങ്ങള്‍ക്കൊപ്പം ജീവിച്ചു പോകാന്‍ മനുഷ്യര്‍ സ്വീകരിച്ച വഴികളാണ് ഒരോ വിശ്വാസങ്ങളും.
സര്‍പ്പങ്ങളോടുകൂടിയ മലനിര
തുടക്കത്തില്‍ വലിയ പ്രൊജക്ടെന്ന ചിന്താഗതിയായിരുന്നു. ഇന്നു തന്നെ കേരളത്തിലെ എല്ലാ കാവുകളെ കുറിച്ചും പഠിക്കുമെന്ന ഭാവം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്, അത് നടപ്പുള്ള കാര്യമല്ല. ഒരോ കാവും വ്യത്യസ്തമാണ്. ഒരോ കാവിനെ കുറിച്ചും ഒരുപാട് വിവരങ്ങളുണ്ട്. എന്നാല്‍, മതിയായ രേഖകളില്ല. അങ്ങനെ കാവുകളുടെ എണ്ണം ചുരുക്കി. പിന്നീട് തിരഞ്ഞെടുത്ത കാവുകളെ കുറിച്ചായി പഠനം. തിരുവനന്തപുരത്ത് നിന്ന് അനന്തന് കാട് (പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്ന് കരുതപ്പെടുന്നയിടം. വില്വമംഗലത്ത് സ്വാമികള്‍ക്ക് ദര്‍ശനം കിട്ടിയ സ്ഥലം), ആലപ്പുഴയിലെ ആദിമൂലം വെട്ടിക്കോട്, മണ്ണാറശാല… തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കഥകളും മറ്റും കൈമാറി കൈമാറി വരുന്നു. ഈ മൂന്ന് ക്ഷേത്രങ്ങളുടെയും കിട്ടാവുന്നതില്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു, അവ പഠനവിധേയമാക്കി. ഇന്റര്‍ ജനറേഷണല് ട്രാന്സ്മിഷന് ഓഫ് മെമ്മറി എന്ന സങ്കല്പമാണ് ഇത്. ഓര്‍മകളുടെ ജന്മാന്തര കൈമാറ്റം എന്നു വേണമെങ്കില്‍ പരിഭാഷ.
നാഗ ക്ഷേത്രങ്ങളുടെ പേരിന് പിന്നിലെ ഐതിഹ്യം, ക്ഷേത്രവുമായി ബന്ധപ്പെട്ട മിത്തുകള്‍ എന്നിവയില്‍ നിന്ന് പഠനമാരംഭിച്ചു. തുടക്കം കേരളത്തിന്റെ ഉത്ഭവമായിരുന്നു. അന്നു മുതല്‍ തന്നെ മനുഷ്യജീവിതത്തിന്റെ ഭാഗമായിരുന്നു നാഗങ്ങള്‍. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള ഭൂമി വാസയോഗ്യവും ഫലഭൂയിഷ്ടവുമാക്കി മനുഷ്യര്‍ക്ക് നല്‍കിയത് നാഗങ്ങളാണ്. അതുകൊണ്ട് അവരെയെപ്പോഴും പ്രീതിപ്പെടുത്തി വയ്ക്കണമെന്ന് അന്ന് പരശുരാമന് ബ്രാഹ്മണരെ ഉപദേശിച്ചിരുന്നു. കൂടാതെ പാതളത്തിലേക്കുള്ള കവാടമെന്നാണ് കേരളോല്‍പ്പത്തി, പുരാണിക് എന്‍സൈക്ലോപ്പീഡിയയുള്‍പ്പെടെയുള്ള പുസ്കങ്ങളില്‍ കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ പേരുമായി ബന്ധപ്പെട്ട് സഹ്യാദ്രി എന്നു പറയും. സ+അഹി+ അദ്രി…അഹി എന്നാല്‍ സര്‍പ്പം. സര്‍പ്പങ്ങളോടുകൂടിയ മലനിര… അങ്ങനെയാണ് ഈ പേരുവന്നതെന്നും ഐതിഹ്യമുണ്ട്…. ഇങ്ങനെ പോകുന്നു നാഗങ്ങളുമായുള്ള ബന്ധം.
സര്‍പ്പങ്ങള്‍ക്കു പിന്നാലെ 10 വര്‍ഷം
പഠനമാരംഭിച്ചെങ്കിലും വിവരങ്ങള്‍ ശേഖരിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നാമത്തേത് ഡോക്യുമെന്റുകളുടെ ലഭ്യതക്കുറവ്. ഒരു ഘട്ടത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നു തന്നെ സംശയമായി. സര്‍പ്പക്കാവുകളുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ചെന്നാല്‍ പലര്‍ക്കും ഒരുപാട് വിവരങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ ഒന്നു റിക്കാര്‍ഡ് ചെയ്തോട്ടെ എന്നു ചോദിച്ചാല്‍ സംഗതി മാറും. പിന്നീട് ചോദ്യങ്ങളാവും… എന്തിനാ വന്നത്. ശുദ്ധിയോടെയാണോ അമ്പലത്തില്‍ കയറിയത് എന്നൊക്കെ. മറ്റൊരു പ്രശ്നം പല ക്ഷേത്രങ്ങളിലും ഫോട്ടോഗ്രഫിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനമായിരുന്നു. പഠനത്തിനാവശ്യമായ ഫോട്ടോകളും മറ്റും കിട്ടിയത് കുടുംബക്കാവുകളില്‍ നിന്നുമാണ്. ഓണ്‍ലൈനില്‍ നിന്നുള്ള വിവരങ്ങളും ചുരുക്കമായിരുന്നു.
ഭാഗ്യമായത്, കുറേ പുസ്തകങ്ങളാണ്. പഠനമാരംഭിച്ച് മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ കുറേ പുസ്തകങ്ങള്‍ പുറത്തിറങ്ങി. പുള്ളുവ സമുദായത്തെക്കുറിച്ച് അരവിന്ദന് പന്മന ഒരു പുസ്തകമിറക്കി. എം.ബി. വിഷ്ണു നമ്പൂതിരിയുടെ പുസ്തകമാണ് സര്‍പ്പാരാധനയെകുറിച്ച് പഠിക്കുന്ന, അതില്‍ താത്പര്യമുള്ള എല്ലാവരും റഫര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അത് പ്രസിദ്ധീകരിക്കുന്നില്ല. ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല. കേരള സര്‍വകലാശാല ലൈബ്രറിയിലെ ന്യൂസ് പേപ്പര്‍ കളക്ഷനില്‍ നിന്ന് കുറേ ലേഖനങ്ങള്‍ കിട്ടി. കേരള ചരിത്രത്തെ കുറിച്ചുള്ള താളിയോല ഗ്രന്ഥങ്ങളായിരുന്നു അടുത്ത ആശ്രയം. കേരള സര്‍വകലാശാലയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലാണവ. ഇതിന്റെ ഡിജിറ്റൈസേഷന് നടന്നുകൊണ്ടിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ്പോകുന്ന അവസ്ഥയിലാണവ. പിന്നീടൊരു പ്രശ്നമായത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പിഎച്ച്ഡി തുടങ്ങിയതിനാല്‍ നാട്ടില്‍ നിന്ന് തന്നെ ചെയ്യുക നടക്കില്ലെന്നതായിരുന്നു. സെമസ്റ്റര്‍ അവധിയെല്ലാം കൃത്യായി പ്ലാന്‍ ചെയ്താണ് എടുത്തിരുന്നത്. നേരെ വീട്ടിലെത്തും ഒന്നു ഫ്രഷാകും ഒന്നുകില്‍ ലൈബ്രറിയിലേക്ക് അല്ലെങ്കില്‍ ക്ഷേത്രങ്ങളിലേക്ക്. മൂന്ന് നാല് വര്‍ഷം സര്‍പ്പങ്ങള്‍ക്കു പിന്നാലെ തന്നെയായിരുന്നു. വീട്ടുകാര്‍ അപര്‍ണയെയും അപര്‍ണ വീട്ടുകാരെയും കാണുന്നത് വളരെ ചുരുക്കം. ഫെലോഷിപ്പുകളുടെ കുറവും ഒരു ഘടകമായിരുന്നു. പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന 8000 രൂപയുടെ ഫെലോഷിപ്പായിരുന്നു അപര്‍ണയ്ക്കുണ്ടായിരുന്നത്. മെസ് ബില്ല്, ഫീ, യാത്രാ ചെലവ് ഇതെല്ലാം ഫെലോഷിപ്പില്‍ നിന്നായിരുന്നു.
കൊവിഡില്‍ യൂണിവേഴ്സിറ്റി അടച്ചിട്ടത് അനുഗ്രഹമായി. ആ സമയത്ത് കൂടുതല്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. ബുദ്ധിമുട്ടിയെങ്കിലും കൂടുതല്‍ യാത്രകള്‍ ചെയ്തു. സെന്‍സസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ടെമ്പിള്‍സ് ഓഫ് കേരള ആ സമയത്താണ് കിട്ടിയത്. ഇതില്‍ കേരളത്തിലെ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളടങ്ങിയിട്ടുണ്ട്.
സര്‍പ്പകഥകള്‍ പറഞ്ഞ അപ്പൂപ്പനും അമ്മൂമ്മയും
അനന്തന്‍കാടിലെ വിഷ്ണു എമ്പ്രാനില്‍ നിന്ന് കുറച്ചധികം വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞു. വെട്ടിക്കോട് ക്ഷേത്രത്തിലെ മനയിലെ ഒരംഗത്തോട് സംസാരിച്ചു. അദ്ദേഹത്തില്‍ നിന്നും നിരവധികാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. മണ്ണാറശാലയിലെ അമ്മയെ കാണാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായ സമയമായിരുന്നു. പിന്നീട് ഈ മൂന്ന് ക്ഷേത്രങ്ങളിലെയും വിശേഷ ദിവസങ്ങളില്‍ പരമാവധി അവിടങ്ങളിലെത്താന്‍ ശ്രമിച്ചിരുന്നു. അവിടെയെത്തുന്ന സാധാരണക്കാരുമായി സംസാരിച്ചു. അവരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ അറിഞ്ഞു.
ഗവേഷണത്തിന് വേണ്ടി മാത്രം സമയം നീക്കിവച്ച പത്ത് വര്‍ഷം. സര്‍പ്പങ്ങളെക്കുറിച്ച് എവിടെ എന്ത് കണ്ടാലും കേട്ടാലും നോട്ട് ചെയ്തു വച്ച ദിനങ്ങള്‍. 2013ല്‍ തുടങ്ങിയതാണ്. പത്തു വര്‍ഷത്തെ സര്‍പ്പ സഞ്ചാരങ്ങള്‍…കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തീസിസ് സമര്‍പ്പിച്ചു. ഒക്ടോബറിലായിരുന്നു വൈവ. വൈവ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഇത് അവിടെ തീര്‍ന്നു എന്ന് വിശ്വസിക്കാനായിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം യൂണിവേഴ്സിറ്റിയും അനൗണ്‍സ് ചെയ്തു. പിന്നാലെ അഭിനന്ദനങ്ങളര്‍പ്പിച്ചുള്ള ഫോണ്‍ വിളികളെത്തിയപ്പോഴാണ് എല്ലാം കഴിഞ്ഞുവെന്ന തോന്നല്‍ ഉള്ളിലുണ്ടായത്. സര്‍പ്പങ്ങളെക്കുറിച്ച് പഠിച്ച് , പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് കൂട്ടിച്ചേര്‍ത്തു കാണുമ്പോള്‍ ഒരു പ്രത്യേക അനുഭവമാണ്. ഭാവിയില്‍ ആരെങ്കിലും ഇതുപോലെയൊരു ഗവേഷണം നടത്താന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്കൊരു സാഹയമായി എന്തെങ്കിലുമൊന്ന് കരുതിക്കൂട്ടി വയ്ക്കണമെന്ന ആഗ്രഹത്തോടയാണ് അപര്‍ണ ഗവേഷണം പൂര്‍ത്തിയാക്കിയത്. ഗവേഷണത്തിന്റെ ഒരു അധ്യായം മീഡിയ ടെക്നോളജി ആന്‍ഡ് കള്‍ച്ചേഴ്സ് ഓഫ് മെമ്മറിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം തിരുവല്ലത്ത്, ലൈറ്റ് ലോജിക്സ് ഹോളോഗ്രഫി ആന്‍ഡ് ഒപ്ടിക്സ് മാനേജിങ് ഡയറക്ടര്‍ ഡോ. അജിത് കുമാര്‍ പി.ടിയുടെയും എറണാകുളം കാക്കനാട് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്സീക്യൂട്ടീവ് ഡയറക്ടര്‍ ജോസീബായിയുടെയും മകളാണ് അപര്‍ണ ജിത്ത്. തിരുവനന്തപുരം ഓള് സെയ്ന്റ്സ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. പിജിയും എംഫില്ലും പിഎച്ച്ഡിയും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്. ഇപ്പോള്‍ പഞ്ചാബ് അകാല്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. സഹോദരന് അഭയ് ജിത്ത് കുസാറ്റ് സര്‍വകലാശാലയില്‍ ഫിസിക്സില്‍ പിഎച്ച്ഡി ചെയ്യുന്നു.
വിഷയം സര്‍പ്പക്കാവുകളായതുകൊണ്ട് താല്പര്യത്തോടെ, പൂര്‍ണ പിന്തുണയും നല്കി മുന്നില്‍ നിന്നത് അപ്പൂപ്പന് എസ്. തങ്കപ്പനും അമ്മുമ്മ കെ.പി. ശാന്തമ്മയും ആയിരുന്നു. മുത്തശ്ശിയുടെ വെളുത്തേടത്ത് തറവാട്ടിലെ മൂലസ്ഥാനമായ കാവിലെ സര്‍പ്പപ്രതിഷ്ഠയിലേക്ക് കൂട്ടിക്കൊണ്ടു പോയി… ഒരുപാട് കഥകള്‍, ഐതിഹ്യങ്ങള്‍… എല്ലാം പകര്‍ന്നു നല്കി. എന്നാല്‍ ചെറുമകളുടെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവര്‍ കാത്തുനിന്നില്ല…സര്‍പ്പസഞ്ചാരശേഷം അപര്‍ണയുടെ ഏറ്റവും വലിയ ദുഃഖവും അവരുടെ വേര്‍പാടാണ്….
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാദ് കാരുണ്യ ഭാവേന…
പ്രതികരിക്കാൻ ഇവിടെ എഴുതുക: