കേരളം സംഘദൃഷ്ട്യാ രണ്ട് പ്രാന്തങ്ങളായിയെങ്കിലും രണ്ടിടത്തെയും സംഘത്തിലെ എഴുത്തില്‍ താല്‍പ്പര്യമുള്ളവരുടെ സമ്മേളനം കഴിഞ്ഞയാഴ്ച എളമക്കരയിലെ സംഘസ്ഥാനത്തെ ‘ഭാസ്കരീയം’ മന്ദിരത്തില്‍ ചേരുകയുണ്ടായി. സംഘം അതിന്റെ പ്രവര്‍ത്തനകാലത്തില്‍ ഒരു നൂറ്റാണ്ട് തികച്ച് രണ്ടാമത്തെ ശതകത്തിലേക്കു പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്കു എന്തെല്ലാം കാര്യങ്ങളാണ് ഇവിടത്തെ ജനസാമാന്യത്തിന്റെ മുന്നില്വെക്കാനുള്ളത് എന്നതിന്റെ പൊതുധാരണയുണ്ടാക്കുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശ്യം. അവിടത്തെ പ്രബോധനങ്ങള്‍ വിവരിക്കുകയല്ല ഇവിടെ എന്റെ ഉദ്ദേശ്യം. കേരളത്തില്‍ സംഘത്തെ കെട്ടിപ്പടുക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച കെ. ഭാസ്കര്‍ റാവു എന്ന പ്രചാരകനെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞ് 23 വര്‍ഷങ്ങളാകാന്‍ പോകുന്നു.
ശ്രീഭാസ്കര് റാവു ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്ന ഒരു ചിഹ്നമാണ്. ഒരു സംഘപ്രചാരകന് എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയുമാണ്. 1919 ല്‍ ബര്‍മയിലെ (മ്യാന്മാര്) ഡിന്‍സാ എന്ന സ്ഥലത്തായിരുന്നു ജനനം. ബര്‍മയെ ബ്രിട്ടീഷുകാര്‍ കീഴ്പ്പെടുത്തിയശേഷം അവിടത്തെ വിശാലമായ കാട്ടുപ്രദേശത്ത് താമസക്കാരായ തദ്ദേശീയരെ ‘സംസ്കാര സമ്പന്ന’രാക്കാന്‍ ഭാരതത്തില്‍നിന്നുള്ള ഡോക്ടര്‍മാരെയും വിവിധ രംഗങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവരെയും നല്ല ശമ്പളത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. മംഗലാപുരത്തിനടുത്ത് വിഠല്‍ ഗ്രാമത്തില്‍നിന്ന് അതനുസരിച്ചു തയാറായ ശിവറാം കളമ്പിയുടെ പുത്രനായിരുന്ന ഭാസ്കര്‍ റാവുവിന്റെ പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. മനക്കണക്കുകൂട്ടുന്നതു നാം മലയാളത്തിലാണല്ലൊ. ഭാസ്കര്‍ റാവു അതു അവിടുത്തെ ഭാഷയിലായിരുന്നു. ഡിന്സായില് ശിവറാം കളമ്പി തന്റെ ആസ്പത്രി തുറന്നു. നിസ്വാര്‍ത്ഥ ബുദ്ധിയോടെ ചികിത്സ ചെയ്ത അദ്ദേഹം 1931 ല്‍ മരണമടഞ്ഞു. മാതാവു കൂടി അകാലത്തില്‍ മരണമടഞ്ഞതോടെ ഭാസ്കര്‍ റാവു അടക്കമുള്ള കുട്ടികളെ സഹോദരീ ഭര്‍ത്താവ് മുംബൈയിലേക്കു കൊണ്ടുവന്നു. അവിടെ താമസിച്ച് വളര്‍ന്ന ഭാസ്കര്‍ റാവുവും ജ്യേഷ്ഠനും മുംബൈയില്‍ സ്കൂള്‍ പഠനം തുടര്‍ന്നു. പഠിക്കാന്‍ മിടുക്കരായിരുന്ന അവരുടെ സഹപാഠികളില്‍ നാനി പല്‍ക്കി വാല, വസന്തകുമാര്‍ പണ്ഡിറ്റ്, റാംസാലേ, വസന്തദേശ് പാണ്ഡേ മുതലായ ഭാവി പ്രഗത്ഭരും ഉണ്ടായിരുന്നു.
ആയിടെ മുംബൈയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ പോകാനാരംഭിച്ചു. ഡോ.ഹെഡ്ഗേവാറും ഗുരുജി ഗോള്‍വല്‍ക്കറും അവിടെ വരുമ്പോള്‍ ഭാസ്കര്‍ റാവുവും അവരുടെ പരിചയം നേടി. മുംബൈയിലെ സംഘവൃത്തങ്ങളില്‍ അദ്ദേഹം താമസിയാതെ ഗണനീയസ്ഥാനത്തെത്തി. ലോ കോളജ് പഠനം പൂര്‍ത്തിയാക്കിയ ഭാസ്കര്‍ റാവു 1942 ലെ ശ്രീ ഗുരുജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് പ്രചാരകനാകാന്‍ സന്നദ്ധനായി. അദ്ദേഹം ആദ്യം മുംബൈ നഗരത്തില്‍ തന്നെ പ്രചാരകനെപ്പോലെ പ്രവര്‍ത്തിച്ചു.
സംഘം ബാല്യദശയിലായിരുന്ന അന്നത്തെ മദിരാശി പ്രസിഡന്സിയിലേക്കാണദ്ദേഹം അയക്കപ്പെട്ടത്. 1946 ല്‍ അദ്ദേഹം പഴയ കൊച്ചി രാജധാനിയായ എറണാകുളത്തെത്തി. എറണാകുളത്ത് നേരത്തെ തന്നെ ശാഖ ആരംഭിച്ചിരുന്നു. അവിടത്തെ ടാറ്റാ കമ്പനിയിലെ ഉദ്യോഗസ്ഥനും ബനാറസില്‍ ശ്രീഗുരുജിയുടെ സഹപാഠിയുമായിരുന്ന ബി.ജി.ഗുണ്ടേയ്ക്കുള്ള ഗുരുജിയുടെ കത്തുമായാണദ്ദേഹം വന്നത്. അതോടെ അന്‍പത്തഞ്ചുവര്‍ഷം നീണ്ട അദ്ദേഹത്തിന്റെ കേരളീയ ജീവിതമാരംഭിച്ചു.
അദ്ദേഹത്തിന്റെ മാതൃഭാഷ തന്നെ സംസാരിക്കുന്ന സാരസ്വത സമൂഹം കൊച്ചിയിലും എറണകുളത്തും ധാരാളമുണ്ട്, അവരുടെ ഭാഷ ഭാസ്കര്‍ റാവുവിനു സ്വായത്തമായിരുന്നു താനും. മുഴുവന്‍ കേരളസമൂഹത്തെയും ഉള്‍ക്കൊള്ളാന്‍ തടസ്സമാകാതിരിക്കാന്‍ ഭാസ്കര്‍റാവു ആ ഭാഷ ഉപയോഗിക്കാതെ പരമാവധി ശ്രദ്ധിച്ചു. മലയാളം പഠിക്കാനും ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം പോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ സംഘമെത്തിയ സ്ഥലങ്ങളിലെ പ്രചാരകനായപ്പോഴാണ് ഭാസ്കര്‍ റാവുവിനു സുഗമമായി മലയാളം പറയാന്‍ സാധിച്ചത്.
കോട്ടയത്തെ ഗ്രാമീണ മേഖലയിലെ ജീവിതം പുതിയ അനുഭവങ്ങള്‍ നല്കി. അവിടെ അക്കാലത്ത് നടന്നു തന്നെ വേണ്ടിയിരുന്നു യാത്ര. കുന്നും മലകളും താണ്ടേണ്ടി വന്നു. സ്വയം സേവകരുടെ വീടുകളില്‍ നിലവിളക്കിന്റെയും മണ്ണെണ്ണ വിളക്കിന്റെയും ഇത്തിരിവെട്ടത്തില്‍ ബൈഠക്കുകളും ആഹാരവും കഴിച്ചുപരിചയിച്ചു. പാടവരമ്പുകളും ഊടുവഴികളുമൊക്കെ കടന്ന് പോകുന്നതു അനിവാര്യമായി. കുബേര കുചേല ഭേദം കൂടാതെ ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു.
സമൂഹത്തിലെ പ്രമുഖ വ്യക്തികളെ സമ്പര്‍ക്കം ചെയ്ത് സംഘത്തിന്റെ ആശയങ്ങള്‍ അവരില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ അദ്ദേഹം തികച്ചും വിജയിച്ചു. എന്‍എസ്എസിന്റെ പ്രസിഡന്റായിരുന്ന എന്‍. ഗോവിന്ദ മേനോന് പഴയ തിരുവിതാംകൂര്‍ ഭാഗത്ത് സമുന്നത സ്ഥാനം നേടിയിരുന്നു. എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റായിരുന്ന മന്നത്തു പത്മനാഭന് സര് സിപിക്കെതിരെ ശബ്ദമുയര്‍ത്തിയതു തല്‍സ്ഥാനം രാജിവെച്ചിട്ടായിരുന്നു. അന്നു പ്രസിഡന്റാവാന്‍ മിക്കവരും ഭയപ്പെട്ടപ്പോള്‍ സ്ഥാനമേറ്റെടുത്തത് ഗോവിന്ദ മേനോനായിരുന്നു. അദ്ദേഹവുമായി ഭാസ്കര്‍ റാവു സൃഷ്ടിച്ചെടുത്ത ആത്മീയത മൂലം സംഘത്തിന്റെ കോട്ടയം സംഘചാലക് സ്ഥാനം വഹിക്കാന്‍ അദ്ദേഹം സന്നദ്ധനായി. അദ്ദേഹം ഗുരുജിക്കും ബാളാസാഹിബ് ദേവറസിനും ആതിഥേയനായിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്തു ഭാസ്കര്‍ റാവു ഒളിവിലായിരുന്നപ്പോള്‍ സാധാരണപോലെ തന്നെ ബസ്സില്‍ സഞ്ചരിച്ചു. ഒരിക്കല്‍ ഞങ്ങളൊരുമിച്ച് ബസ്സില്‍ തിരൂരില്‍നിന്നു പരപ്പനങ്ങാടിക്കു യാത്ര ചെയ്യുകയായിരുന്നു. താനൂരില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പരിചിതനായിരുന്ന ഒരു സിഐബി ഉദ്യോഗസ്ഥന് മുന്‍ സീറ്റില്‍ കയറിയിരുന്നു. അദ്ദേഹത്തിന്റെ അടുത്തിരിക്കാന്‍ ഭാസ്കര്‍ റാവു എന്നോടു നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അടുത്തിരുന്നപ്പോള്‍ അദ്ദേഹം കുശലാന്വേഷണം നടത്തി. ഞങ്ങള്‍ ബസ്സിലുണ്ടെന്നറിഞ്ഞല്ല കയറിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നത്തെ സ്റ്റോപ്പില്‍ ഇറങ്ങുകയുണ്ടായി. 1948ലെ സത്യഗ്രഹത്തില്‍ പങ്കെടുത്ത സ്വയംസേവകനാണദ്ദേഹമെന്നും വഞ്ചിക്കില്ലെന്നുമായിരുന്നു ഭാസ്കര്‍ റാവു പറഞ്ഞത്.
ജന്മഭൂമി പത്രം ആരംഭിക്കുന്നതിനു മുമ്പ് ദത്താത്രയറാവുവും പരമേശ്വര്‍ജിയും രാമന് പിള്ളയും ഒ. രാജഗോപാലുമായി നടന്ന ആശയവിനിമയങ്ങള്‍ വളരെ പ്രധാനമായിരുന്നു. അക്കാലത്ത് ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദര്‍ സിങ് ഭണ്ഡാരി വന്നയവസരത്തില്‍ ഭാസ്കര്‍ റാവുവും അവരുമായി അക്കാര്യം സംസാരിക്കുകയും ഈയുള്ളവന് അതിന്റെ ഭാരം ഏറ്റെടുക്കണമെന്നു നിശ്ചയിക്കുകയുമുണ്ടായി. പത്രമാരംഭിച്ച് ആദ്യത്തെ ഏതാനും മാസങ്ങള്‍ക്കുശേഷം അതുവരെ ഓരോ മാസവും വന്ന വരവു ചെലവ് ബാധ്യതകള്‍ ഞാന്‍ ഭാസ്കര്‍ റാവുവിനെ കാണിച്ചു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമായിരുന്നത് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ പ്രതികരണം വളരെ പ്രോത്സാഹജനകമായിരുന്നു. സംഘത്തിനു ബാധ്യത അനുദിനം കൂടുതലാക്കുന്ന ഈ ‘ജനസങ്കടം’ എന്തിനു തുടരണം എന്നു ചോദിച്ചവരുമുണ്ടായിരുന്നു. പല പ്രമുഖ വ്യക്തികളുമായി ജന്മഭൂമിയെ സഹായിക്കുന്നകാര്യം ഭാസ്കര്‍ റാവുജി സംസാരിച്ചതായി എനിക്കറിയാം.
അദ്ദേഹം തൊടുപുഴയില്‍ ആദ്യം വന്നത് എന്റെ വീട്ടിലായിരുന്നു. ഞാന്‍ പ്രചാരകനായി ചുമതലയേറ്റശേഷം ഭാസ്കര്‍ റാവുവോട് അതേപ്പറ്റി ”രണ്ടു വാക്ക്” സംസാരിക്കാന്‍ ചില ബന്ധുക്കള്‍ ഒരുങ്ങി. ഭാസ്കര്‍ റാവുവിന്റെ പരിപക്വമായ സംസാര രീതി അവരെ നിരായുധരാക്കിയെന്നു പറയാതെ വയ്യ. അദ്ദേഹത്തിന്റെ ഓരോ തൊടുപുഴ സന്ദര്‍ശനത്തിലും വീട്ടിലെത്തി അച്ഛനെ കാണുമായിരുന്നു. കേസരിയും ഓര്‍ഗനൈസറും അദ്ദേഹം മുടങ്ങാതെ വരുത്തി. യാദവ റാവു ജോഷിക്കും രജ്ജുഭയ്യക്കുമാതിഥേയനായി. അതിനിടെ തൊടുപുഴ താലൂക്ക് സംഘചാലകന്റെ ചുമതലയുമേറ്റെടുത്തു.
അച്ഛന് അവസാനകാലത്ത് അദ്ദേഹത്തെ കാണണമെന്ന് അതിയായ മോഹമുണ്ടായി. ചമ്പക്കരയിലെ ഗോപിക്കുറുപ്പിന്റെ വീട്ടില്‍ ഭാസ്കര്‍ റാവു ചികിത്സയ്ക്കു താമസിക്കുന്നതിനിടെ ഞാനവിടെയെത്തി വിവരം അറിയിച്ചു. ചികിത്സ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുമ്പോള്‍ അതിലേ വരാം എന്നു സമ്മതിച്ചു.
അദ്ദേഹം അതനുസരിച്ച് വീട്ടില്‍ പോയോ എന്ന് ഭാസ്കര്‍ റാവുവിന്റെ കൂടെ യാത്ര ചെയ്തവരോട് ഞാന്‍ അന്വേഷിച്ചിരുന്നു. വരുന്നവഴിക്കു കാടും മലയും താണ്ടി ഒരു അപ്പൂപ്പനെ കണ്ട് ആശ്വസിപ്പിച്ച കാര്യം അവര്‍ പറഞ്ഞു. കോട്ടയം പാലാ ഭാഗത്തെ സ്വയംസേവകര്‍ക്ക് ആളെ മനസ്സിലായിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞ് കെ.പി.എസ്. മാരാര്‍ എനിക്ക് കത്തയച്ച് ഓര്മ പുതുക്കുകയും ഭാസ്കര്‍ റാവു വന്നു ഗ്രഹിച്ച വിവരം അറിയിക്കുകയുമായിരുന്നു.
തന്നോടാണ് ഭാസ്കര്‍ റാവുവിന് ഏറ്റവും അടുപ്പവും സ്നേഹവുമെന്ന് ഓരോ ആള്‍ക്കും അനുഭവപ്പെടുന്ന തരത്തിലുള്ളതായിരുന്നു ഭാസ്കര്‍റാവുവിന്റെ പ്രകൃതവും പെരുമാറ്റവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: