മലയാളത്തിലെ വൈജ്ഞാനിക സാഹിത്യരംഗത്ത് അത്യപൂര്‍വമായ ഒരു കൃതിയാണ് സി. രാധാകൃഷ്ണന്റെ ഭഗവദ്ഗീതാദര്‍ശനം. ശ്രീമദ് ഭഗവദ്ഗീതയ്‌ക്ക് ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണിത്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റാണെങ്കിലും അദ്ദേഹത്തിന്റെ പൊതുകര്‍മ്മമണ്ഡലം ആധുനിക ശാസ്ത്രലോകമാണ്. ശാസ്ത്രകാരനെന്ന തൊഴില്‍ ചെയ്യുമ്പോഴും സ്വതഃസിദ്ധമായ സത്യാന്വേഷണപരതയാല്‍ ജീവനെ നിലനിര്‍ത്തുന്ന ഉണ്മയുടെ വെളിച്ചത്തിലേക്കും രാധാകൃഷ്ണന്‍ വ്യാപരിച്ചത് സ്വാഭാവികം. തന്നെ സ്വാധീനിച്ചുകൊണ്ടിരുന്ന ഈ ദാര്‍ശനികമണ്ഡലം അദ്ദേഹത്തെ പ്രതിഭാസമ്പന്നനായ സാഹിത്യകാരനാക്കുന്നതില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ രചനകളുടെ അതേകാലയളവില്‍ ഉണ്ടായിട്ടുള്ള മറ്റ് ആധുനികനോവലുകളില്‍ കാണുന്ന ദാര്‍ശനികദുരൂഹത സൃഷ്ടിക്കുന്ന പ്രവണത അദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനമാകാതെപോയത്.
തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നിങ്ങനെയുള്ള നോവലുകളില്‍ തന്നില്‍ അന്തര്‍ലീനമായ സത്യദര്‍ശിയുടെ അന്വേഷണനിരീക്ഷണങ്ങള്‍, സൂക്ഷ്മധ്യാനസഞ്ചാരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അടയാളപ്പെടുത്താന്‍ സാധിക്കുന്നതും അതുകൊണ്ടുതന്നെ. ഒരു യഥാര്‍ത്ഥശാസ്ത്രജ്ഞനെപ്പറ്റിയുള്ള വീക്ഷണം അവതരിപ്പിക്കുന്ന സ്പന്ദമാപിനികളേ നന്ദി എന്നതില്‍ ക്ഷരാക്ഷരപ്രപഞ്ചത്തെ ഒന്നുപോലെ സ്‌നേഹിക്കേണ്ട ശാസ്ത്രകാരന്റെ ധര്‍മ്മത്തെയാണ് സാഹിത്യകാരന്‍ ആവിഷ്‌കരിക്കാനുദ്യമിക്കുന്നതെന്ന ഡോ.എം. ലീലാവതിയുടെ വിലയിരുത്തലും സത്യസാക്ഷാത്കാരനില പ്രാപിച്ചവന്റെ അഭേദ ദര്‍ശനത്തിന്റെ പ്രകാശനം അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്ളതിനാല്‍ത്തന്നെ. ആ കൃതിയിലെ ഏഴാം അദ്ധ്യായത്തില്‍ ‘തോഷെ’ എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാട് നിരൂപകയായ അവര്‍, അയാളുടെ വാക്കുകളെ ഉദാഹരിച്ചുതന്നെ വ്യക്തമാക്കുന്നതില്‍ സി. രാധാകൃഷ്ണന്റെ ദര്‍ശനം തന്നെകാണാം.
അതായത്, ”യഥാര്‍ത്ഥശാസ്ത്രജ്ഞന്‍ ഒരിക്കലും അധികാര ദുര്‍മോഹിയല്ല. യഥാര്‍ത്ഥ ശാസ്ത്രജ്ഞനായിരിക്കണം ലോകം ഭരിക്കേണ്ടത്. അന്ന് യുദ്ധവും യോദ്ധാവുമില്ലാത്ത ലോകം പിറവികൊള്ളും. ശാസ്ത്രം മനുഷ്യസഞ്ചയത്തെ സമത്വവ്യവസ്ഥിതിയുള്ള ഏക ലോകത്തിലേക്കു നയിക്കും” (ലീലാവതി, 2015:178). ആദ്ധ്യാത്മികതത്ത്വമുള്‍ക്കൊണ്ട് ഏകലോകമാനവീയദര്‍ശനത്തിന്റെ ശാന്തിപാഠങ്ങള്‍ ആരചിക്കുന്നവനാണ് സംയമിയായ ശാസ്ത്രജ്ഞന്‍. നശീകരണത്തിനുള്ള ആയുധങ്ങളല്ല, മനുഷ്യരാശിക്ക് പ്രതീക്ഷയുടെയും മനുഷ്യത്വം വിടരുന്ന പ്രഭാതങ്ങളുടെയും വാഗ്ദാനമാണ് ഒരു യഥാര്‍ത്ഥശാസ്ത്രജ്ഞന് നല്കാനുള്ളതെന്ന തിരിച്ചറിവാണ് സി. രാധാകൃഷ്ണനെ നയിക്കുന്നത്.
തനിക്കുള്ള ഈ അന്തര്‍ദര്‍ശനം തന്നെയാണ് ഭഗവദ്ഗീതയുടെ ശാസ്ത്രീയമായ വ്യാഖ്യാനത്തില്‍ അദ്ദേഹം ഗീതാദര്‍ശനമായി രൂപപ്പെടുത്തിയത്. അവിടെ ശാസ്ത്രവും ആദ്ധ്യാത്മികതയും കൈകോര്‍ത്തുചേര്‍ന്നുനിന്നുള്ള ഒരു മുന്നേറ്റമാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്നദ്ദേഹം മനസ്സിലാക്കുന്നു. തന്റെ അത്തരമൊരു പ്രത്യാശയുടെ ഉന്മീലനമായാണ് അദ്ദേഹം ഗീതാദര്‍ശനം രചിക്കുന്നത്. അത് മാനവരാശിയെ ശരിയായ ദിശാബോധത്തിലേക്കു പരിവര്‍ത്തിപ്പിക്കുമെന്നദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ധാരാളം നോവലുകള്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അനശ്വരതയാര്‍ന്ന കൃതകൃത്യതയില്‍ പ്രതിഷ്ഠിച്ച കൃതി ഗീതാദര്‍ശനം തന്നെ എന്നു പറയാം.
അനാദിയായ ഗുരുപരമ്പരയുടെ മഹാകാരുണ്യത്തിന് സാദരദക്ഷിണയായിട്ടാണ് അദ്ദേഹം ഗീതാദര്‍ശനത്തെ സമര്‍പ്പിച്ചിരിക്കുന്നത്. ”ആദ്ധ്യാത്മവിദ്യയും സയന്‍സും ചേരുമ്പടി ഒന്നിക്കലാണ്” (രാധാകൃഷ്ണന്‍, 2011:7) ലോകം അകപ്പെടുന്ന മഹാദുരന്തങ്ങളില്‍നിന്നും പ്രമാദങ്ങളില്‍നിന്നും കരകയറാനുള്ള ഉപായം എന്ന സത്യം കൃതിയുടെ ആമുഖഭാഗത്തുതന്നെ അദ്ദേഹം പറയുന്നുണ്ട്. ”ഉന്നുള്ള സയന്‍സുവച്ചു പരാവിദ്യയെയും വേദാന്തത്തിലെ അറിവുകള്‍വച്ച് അപരാവിദ്യയെയും യോജിപ്പിച്ചുള്ള പ്രായോഗികമായജീവിത സമീപനരീതി ആവിഷ്‌കരിക്കുകയാണ്” (രാധാകൃഷ്ണന്‍, 2011:8) ഗീതാദര്‍ശനത്തിന്റെ രചനോദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്തറിഞ്ഞാല്‍പിന്നെ ഈ ഭൂമിയില്‍ അറിയാനായി ഒന്നും ശേഷിക്കുന്നില്ലയോ ആ അറിവിന്റെ ‘കൈപ്പുസ്ത’കമായാണ് അദ്ദേഹം ഗീതാദര്‍ശനത്തെ കാണുന്നത്.
നിത്യാനന്ദത്തില്‍ അവസ്ഥിതമായ മടക്കമില്ലായ്മയുടെ തലം
റോക്കറ്റിന് പലായനപ്രവേഗത്തിലെത്തി മടക്കമില്ലാബിന്ദു കഴിഞ്ഞാല്‍ പിന്നെ ഉപഗ്രഹത്തെ ഒരേ വേഗനില കൈവരിക്കുന്ന ഭ്രമണപഥത്തിലെത്തിക്കാനാകും. അതുപോലെ അവനവന്‍ ആര്‍ജ്ജിക്കുന്ന സ്വത്വാവബോധത്തിന്റെ സംസ്‌കാരബലത്താലും ആത്മതപസ്സിനാലും പരമാത്മപ്രകാശത്തെ അറിഞ്ഞനുഭവിച്ച് തന്നില്‍ താനായി നിറയാനാകും. ആ അവസഥ ഭൗതികശാസ്ത്രത്തിലെ മടക്കമില്ലാ ബിന്ദുവിന്റെ തലത്തിനു തുല്യമത്രേ.
സ്വത്വാവബോധം പുറമേനിന്നുള്ള ഒരു വെളിച്ചത്തെയും ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്ന സത്യം നിരീക്ഷിക്കുന്ന വ്യാഖ്യാതാവ് ”ഏതു കൂരിരുട്ടിലും നമ്മുടെ ഉള്ളിലെ നമ്മെ നാം അറിയുന്നുണ്ട്. ആ അറിവുണ്ടാകുന്നത് ഏതു വെളിച്ചത്താലാണോ അതാണ് പരമാത്മപ്രകാശം” (രാധാകൃഷ്ണന്‍, 2011:436) എന്നു നിര്‍വചിക്കുന്നു. ആ സ്വരൂപബോധത്തില്‍ ഇന്ദ്രിയമനോബുദ്ധികള്‍ സ്ഥിരമായി അവസ്ഥിതമാകുന്ന അവസ്ഥയാണ് സ്വത്വസാക്ഷാത്കാരം. അതോടെ ഉള്ളില്‍ പരമമായ പ്രസാദനില അനുഭവപ്പെടുന്നു. ആന്തരികമായി ശാന്തി കൈവരുന്നു. ശാന്തിയുടെ അനുഭൂതിയാണ് ആനന്ദം. ഈ നേട്ടത്തിന്റെ സവിശേഷത അത് കൈവരിച്ചവന് ഒരിക്കലും അതു നഷ്ടപ്പെടുകയില്ല എന്നതാണ്. സ്വത്വാവബോധത്തില്‍ സ്ഥിരബുദ്ധിയില്ലാത്തവന് പുറമേനിന്ന് ഇന്ദ്രിയമനോബുദ്ധികള്‍ കൊണ്ടുവരുന്ന വിഷയങ്ങളില്‍ താത്കാലികഭ്രമബുദ്ധിയും ദുഃഖം സന്തോഷാദിവികാരങ്ങളുടെ തിളച്ചുതൂവലുമൊക്കെ ഉണ്ടാകാമെങ്കിലും അവന്‍ അന്തഃകരണത്തില്‍ സ്വരൂപബോധം വന്നുദിച്ചവനായാല്‍ ആ ആനുഭൂതികതലത്തില്‍ ജ്ഞാനത്താല്‍ ഉറച്ചുനില്ക്കുന്ന ഒരു ആന്തരികതലം അവനുണ്ടായിരിക്കും.
ഭഗവദ്ഗീത ഉപദേശിച്ച പീതാംബരധാരിയായ കൃഷ്ണന്‍ എല്ലാ ലോകവ്യവഹാരങ്ങളിലും ഹൃദ്യമായി പങ്കെടുക്കുമ്പോഴും അകമേ നിത്യതൃപ്തിയുടെ ഈ പരമമായ പ്രസാദനില കൈവരിച്ചവനായിരുന്നു. ജരയുടെ അസ്ത്രമേറ്റ് ഭൗതികവേദനയില്‍പ്പെടുമ്പോഴും അവനെ അനുഗ്രഹിക്കുന്ന ഉന്നതശാന്തിഭാവത്തില്‍ നിലകൊള്ളുന്നു. ഈ പരമമായ ആനന്ദത്തിന്റെ പ്രശാന്തമായ പരിശുദ്ധനില, ഏതൊരു മാനവനും എത്തിച്ചേരാവുന്ന സത്യാന്വേഷണത്തിന്റെ പരമാവസ്ഥയാണ്.
ഗീതാദര്‍ശനകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, ”നിലവിലുള്ള അവസ്ഥ ഇല്ലാതായി മറ്റൊരവസ്ഥയിലേക്കു പ്രവേശിക്കുന്നതാണ് മരണവും ജനനവും. ഒരേ അവസ്ഥയില്‍ ഇരിക്കുകയെന്നാല്‍ ജനനമരണങ്ങള്‍ ഇല്ലാതിരിക്കുക എന്നര്‍ത്ഥം. ഇരിപ്പ് പരമശാന്തിയില്‍ ആകുമ്പോള്‍ അമൃതരസം നിത്യാനുഭവം. പിന്നെ തിരിച്ചുവരവില്ല. നമ്മുടെ സ്വത്വമാണ് പരമാത്മസ്വരൂപത്തിലേക്കുള്ള ഒരേയൊരു വഴി” (രാധാകൃഷ്ണന്‍, 2011:436). ഇവിടെ മരണത്തിനുകൊടുക്കുന്ന നിര്‍വചനം മോക്ഷം എന്ന നിത്യാനന്ദാവസ്ഥയെ സാധൂകരിക്കുന്ന രീതിയില്‍ യുക്തിപൂര്‍ണമാണെന്നു കാണാം. പരമാത്മസ്വരൂപത്തെ തുടര്‍ന്നുള്ള ശ്ലോകവ്യാഖ്യാനത്തിലും ഇതു ശരിയായി നിര്‍വചിക്കുന്നുണ്ട്.
എല്ലാറ്റിനും വെവ്വേറെ ജീവനായി ഇരിക്കുന്നത് ഒരേജീവന്റെ തുടര്‍ച്ചയാണ്. അത് പരാപ്രകൃതിയില്‍ ഇരിക്കുന്ന മനസ്സിനും മറ്റ് അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും ആസ്പദമായി വര്‍ത്തിക്കുന്നു. ഓരോ ഇന്ദ്രിയത്തിനും അരികിലേക്കുള്ള കര്‍ഷണമാണ് ആ ഇന്ദ്രിയത്തെ പ്രകാശിപ്പിക്കുന്നത്. പരാപ്രകൃതിയിലെത്ര ഗുണങ്ങള്‍ ഈ കര്‍ഷണത്തിന് വൈരുദ്ധ്യാത്മകമായ ആവിഷ്‌കാരം നല്കുന്നു. മനസ്സുള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങള്‍ പ്രകൃതിയില്‍നിന്നു രൂപപ്പെടുത്താനും അവയെ ജീവത്താക്കാനും ഉള്ള ആകര്‍ഷണത്തിന് ആധാരം ഇതുതന്നെ” (രാധാകൃഷ്ണന്‍, 2011:437).
ഇവിടെ എന്തുകൊണ്ടാണ് പരിമിതമായ ഇന്ദ്രിയാനുഭൂതിയെക്കാള്‍ ഉന്നതമാണ് സ്വാത്മാനുഭൂതിയുടെ സത്യത്തില്‍ അവസ്ഥിതമായ ഹൃദയതലം എന്നു വ്യക്തമാക്കാന്‍ വ്യാഖ്യാതാവു സ്വതന്ത്രമായ ചിന്ത പ്രകാശിപ്പിക്കുന്നു. പലായനപ്രവേഗത്തിന്റെ (ലരെമുല ്‌ലഹീരശ്യേ) തലത്തിലെത്തി ബഹിരാകാശപേടകം ഭൂമിയുമായുള്ള ബന്ധത്തില്‍നിന്ന്, ഐഹികതലത്തില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പരമശാന്തിയുടെ ഈ സ്ഥിരവും നിത്യവുമായ അവസ്ഥ കൈവരുന്നതോടെ ഒരുവന്‍ നിത്യമായ ആനന്ദാവസ്ഥയെ പ്രാപിക്കുന്നു. ഈ തലം ഏകീകൃതബലത്തിന്റെ തലവും മറ്റേതൊരു അവസ്ഥാന്തരങ്ങളും വൈരുദ്ധ്യാതിഷ്ഠിതബലങ്ങളുടെ തലവുമത്രേ.
ശൂന്യസ്ഥലിക ഇല്ലെന്നു സമര്‍ത്ഥിക്കുന്ന ശാസ്ത്രകാരനായ വേദാന്തി
ശാസ്ത്രം പറയുന്ന ശൂന്യസ്ഥലിക ഇല്ലെന്ന് യുക്തിയുക്തം സമര്‍ത്ഥിക്കുകയും അത് തന്റേതായ ഒരു ഭഗവദ്ഗീതാവ്യാഖ്യാനത്തിലൂടെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ആദ്യശാസ്ത്രജ്ഞന്‍ സി.രാധാകൃഷ്ണന്‍ തന്നെയാണ്. ശൂന്യസ്ഥലിയിലും കണങ്ങളുണ്ടെന്ന് ശാസ്ത്രലോകം ഇന്നു സമ്മതിക്കുന്നുണ്ടെങ്കിലും അവിടെ എങ്ങും അവ്യക്തസത്ത നിറഞ്ഞുവിളങ്ങുന്നുവെന്ന സത്യം ശാസ്ത്രത്തിന്റെ പരീക്ഷണനിരീക്ഷണപഠനങ്ങള്‍ക്ക് അപ്രാപ്യമായതിനാല്‍ സമ്മതമാകുന്നില്ല. എന്നാല്‍ ”ശൂന്യത എന്നൊരവസ്ഥ പ്രപഞ്ചത്തിലില്ല-ശൂന്യാകാശം (ീൗലേൃ ുെമരല) എന്നു വിളിക്കപ്പെടുന്നിടവും ശൂന്യമല്ല. അവ്യക്തസത്ത എങ്ങെങ്ങും സന്നിഹിതമാണ്” (രാധാകൃഷ്ണന്‍, 2011:396). ശാസ്ത്രജ്ഞനായ വ്യാഖ്യാതാവ് വേദാന്തപക്ഷം ശരി എന്നുറപ്പിച്ചുകൊണ്ടുതന്നെ തന്റെ അഭിപ്രായം ദൃഢമായി വ്യക്തമാക്കുന്നു. ഒരു ഭഗവദ്ഗീതാവ്യാഖ്യാനത്തിലൂടെ ഒരു ശാസ്ത്രകാരന്‍ ഇതു സ്ഥാപിക്കുന്നത് ആദ്യമായിട്ടായിരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൂക്ഷ്മാത്മവായ ആകാശം സര്‍വവ്യാപിയാണ്.
എല്ലാം ആകാശത്തിലാണ് നിന്നുതിരിയുന്നത്. ആകാശത്തെ പര്‍വതങ്ങള്‍ വിഭജിക്കുന്നുവെന്നു തോന്നുന്നെങ്കിലും മേഘങ്ങളും പുകയും ദുര്‍ഗന്ധവുമെല്ലാം അതില്‍ വ്യാപരിക്കുന്നെങ്കിലും ഒന്നിനും ഒരു പാടും കറയും അടയാളവും അതില്‍ ഏല്പിക്കാനാകുകയില്ല. ആകാശം എല്ലാത്തിനെക്കാള്‍ സൂക്ഷ്മമായതിനാല്‍, സൂക്ഷ്മത്വമെന്നാല്‍ വ്യാപനശേഷി എന്നു ധരിക്കണമെന്ന് വേദാന്തകൃതിയിലുള്ള ആകാശസ്വഭാവത്തെ വെളിപ്പെടുത്തിത്തന്നെ വ്യാഖ്യാതാവ് പറയുന്നത്, ”എല്ലാറ്റിനും ആശ്രയമായി നില്‍ക്കെത്തന്നെ ഒന്നിനാലും കറയോ പോറലോ ഏല്പിക്കപ്പെടാത്ത അവസ്ഥ പഞ്ചഭൂതങ്ങളിലൊന്നായ ആകാശത്തിനുതന്നെ കാണുന്നുണ്ട്. അപ്പോള്‍ അതിനും കാരണമായ ചിദ്വവസ്തു സര്‍വഥാ നിശ്ചലവും നിര്‍ല്ലേപവുമായിരിക്കും എന്നു നിശ്ചയം” (രാധാകൃഷ്ണന്‍, 2011:396) എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ആകാശത്തില്‍ തെളിയുന്ന ജ്ഞാനസൂര്യനായി ഇതിനെ അനുഭവജ്ഞാനികള്‍ അറിയുന്നത് വിവേകചൂഡാമണി തുടങ്ങിയ വേദാന്തകൃതികളില്‍ ജഗദ്ഗുരു ആദിശങ്കരനെപ്പോലുള്ള ആചാര്യന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ഇതുതന്നെ ശ്രീനാരായണഗുരു ആത്മോപദേശതകാദികൃതികളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ജി. ബാലകൃഷ്ണന്‍നായര്‍ വ്യാഖ്യാനിക്കുന്നത് ”ഇവിടത്തെ ശബ്ദത്തിന് നിര്‍വികല്പജ്ഞാനമെന്നോ ദഹരാകാശമെന്നോ അര്‍ത്ഥം പറയാം. സങ്കല്പരഹിതമായ ബോധാനുഭവമാണു നിര്‍വികല്പജ്ഞാനമെന്നും നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. നിര്‍വികല്പജ്ഞാനമായി സ്വയം പ്രകാശിക്കുന്നതാണ് പരമാത്മവസ്തു ഇതു വ്യക്തമാക്കുന്നത് ഈ സദ്വസ്തുവിനെയാണ് (ബാലകൃഷ്ണന്‍നായര്‍, 2010:560).
പരമാത്മസത്ത സര്‍വവ്യാപിയും സര്‍വതിനെക്കാളും സൂക്ഷ്മവും സ്ഥാണുവും ബ്രഹ്മസംഹിതാദി കൃതികളില്‍ പറയുന്നപ്രകാരം യോഗനിദ്രയില്‍ നിസ്സംഗിയുമത്രേ. ഈ അനുഭവത്തില്‍ തന്റെതന്നെ ബോധത്താല്‍ ജീവിച്ചിരുന്നുകൊണ്ടു പ്രവേശിക്കുന്നവരാണ് ജീവന്മുക്തര്‍. ബ്രഹ്മസംഹിതയിലെ പന്ത്രണ്ടാം ശ്ലോകത്തില്‍ വ്യക്തമാക്കുന്നതനുസരിച്ച് ആ സനാതനചൈതന്യം ലോകങ്ങളുടെ കാരണശക്തിയായ കാരണജലമാണ്.
സംഘര്‍ഷണസ്വരൂപനായ അദ്ദേഹം ആയിരക്കണക്കിന് അംശശക്തികളോടുകൂടി സ്വയം യോഗനിദ്രയെ പ്രാപിച്ചു. ബോധശക്തി സര്‍വജ്ഞനായി ഉണര്‍ന്നിരിക്കെത്തന്നെ സ്വരൂപത്തില്‍ അവസ്ഥിതനായിരുന്നാല്‍ അയാളെ മറ്റൊരു വ്യാപരവും കീഴ്‌പെടുത്തുകയില്ല. എന്നാല്‍ ആ യോഗി ചാഞ്ചല്യമില്ലാതെ സ്വചൈതന്യത്തില്‍ അധിഷ്ഠിതനായി സര്‍വജ്ഞനായിരിക്കുന്ന സമാധ്യവസ്ഥതന്നെയാണ് സര്‍വവ്യാപിയായ കാരണചൈതന്യത്തിന്റെയും നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: