India

മോദി സര്‍ക്കാരിന് കീഴില്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം കുത്തനെ കുറഞ്ഞു; അതിദാരിദ്ര്യം തീരെക്കുറഞ്ഞു

Published by

ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യത്തെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം കുത്തനെ കുറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന, 2011-2012ല്‍ 25.7 ശതമാനമായിരുന്ന പട്ടിണി 2023-2024ല്‍ 4.86 ശതമാനമായി കുറഞ്ഞതായി സ്‌റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും സബ്‌സിഡികളും മറ്റും ജനങ്ങളുടെ അക്കൗണ്ടുകളിലേക്കു നേരിട്ടെത്തിക്കുന്നത് (ഡയറക്ട് ബെനിഫിറ്റ്) അടക്കമുള്ള മോദി സര്‍ക്കാര്‍ നടപടികളാണ് ഇതിനു തുണയായതെന്നു റിപ്പോര്‍ട്ടിലുണ്ട്.

ഇന്നു ഭാരതത്തിലെ ആകമാന ദാരിദ്ര്യം വെറും നാലു മുതല്‍ 4.45 ശതമാനം മാത്രമാണ്. 2004-2005ല്‍ ഇത് 37.27 ശതമാനവും 2011-2012ല്‍ 21.9 ശതമാനവുമായിരുന്നു.

നഗരങ്ങളിലെ പട്ടിണി കുറഞ്ഞതിനെക്കാള്‍ വേഗത്തിലാണ് ഗ്രാമങ്ങളിലേതു കുറഞ്ഞത്. അതിദാരിദ്ര്യം തീരെക്കുറഞ്ഞു. സെന്‍സസ് പുറത്തുവരുന്നതോടെ ഈ കണക്കില്‍ ചില്ലറ മാറ്റങ്ങള്‍ വന്നേക്കാമെന്നു റിപ്പോര്‍ട്ടിലുണ്ട്.

ഉപഭോഗത്തിലുള്ള ഗ്രാമ-നഗര അന്തരവും കുറഞ്ഞു. 2011-2012ല്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ഉപഭോഗത്തിലെ അന്തരം 83.9 ശതമാനമായിരുന്നു. ഇത് 2022-23ല്‍ 71. 2 ശതമാനമായും 2023-2024ല്‍ 69.7 ശതമാനമായും കുറഞ്ഞു.

ഗ്രാമീണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വമ്പന്‍ നിക്ഷേപങ്ങളും ഡയറക്ട് ബെനിഫിറ്റ് പദ്ധതിയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചതുമെല്ലാം ദാരിദ്ര്യം കുത്തനെ കുറയാന്‍ വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ എടുത്തു കാണിക്കുന്നു.

ഭവനങ്ങളിലെ ഉപഭോഗച്ചെലവു സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നതെന്ന് എസ്ബിഐ ഗ്രൂപ്പ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
ഭാരതത്തിലെ പട്ടിണി അഞ്ചു ശതമാനത്തില്‍ താഴെയായിട്ടുണ്ടാകാമെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക