ന്യൂദെൽഹി:ഈ സീസണിലെ ഏറ്റവും കനത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരത പൂജ്യമായി കുറഞ്ഞത് റോഡ്, ട്രെയിൻ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 45 വിമാന സർവ്വീസ് റദ്ദാക്കി. 19 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 400 വിമാന സർവ്വീസുകൾ വൈകി. ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന പൂജ്യം ദൃശ്യപരതയാണ് വിമാന സർവ്വീസുകളെ കനത്ത തോതിൽ ബാധിച്ചത്. അത് പോലെ 59 ട്രെയിനുകൾ ആറ് മണിക്കൂറും 22 ട്രെയിനുകൾ എട്ട് മണിക്കൂറും വൈകി ഓടുന്നതായി നോർത്തേൺ റെയിൽവെ അറിയിച്ചു. ഞായറാഴ്‌ച്ച ദെൽഹി നഗരം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത 8 മുതൽ 10 വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിലെ വായു നിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ശരാശരി എക്യു ഐ 378 ആയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: