ന്യൂദെൽഹി:ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്നാരോപിച്ച് സിസിഇ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാൻസൂരജ് പാർട്ടി മേധാവി പ്രശാന്ത് കിഷോർ പറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടത്തുന്ന നിരാഹാര സമരം വിവാദമായി. പ്രശാന്ത് കിഷോറിന് വിശ്രമിക്കാനായി മൈതാനത്ത് പാർക്ക് ചെയ്ത “വാനിറ്റി വാൻ” ആണ് വിവാദ വിഷയം. വാനിന്റെ പ്രതിദന വാടക 25 ലക്ഷമാണെന്നാണ് ആരോപണം. നിരവധി ആഡംബര സൗകര്യങ്ങളുള്ള വാൻ തനിക്ക് വിശ്രമിക്കാനാണെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. താൻ വീട്ടിൽ പോയി വിശ്രമിച്ചാൽ നിരാഹാരം കിടക്കുന്നയാൾ ആഹാരം കഴിക്കാൻ പോയെന്ന് നിങ്ങൾ വാർത്ത നൽകുമെന്ന് പ്രശാന്ത് കിഷോർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് പ്രതിദിന വാടകയെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. ഈ വാൻ എടുത്ത് പകരം എനിക്ക് 25 ലക്ഷം രൂപ തരാമോ? ശുചിമുറിയായി ഉപയോഗിക്കാൻ കഴിയുന്ന ബദൽ സംവിധാനമൊരുക്കാമോ? അദ്ദേഹം ചോദിക്കുന്നു. ഇതേ ചോദ്യം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ മുഖ്യമന്ത്രി നിതീഷ് കുമാറിനോടോ അവർ ആസ്വദിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ചോദിക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ആരാഞ്ഞു.
ഡിസംബർ 13 ന് നടന്ന സിസിഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നാരോപിച്ച് പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് പ്രശാന്ത് കിഷോർ നിരാഹാര സമരം ആരംഭിച്ചത്. ബിഹാർ പബ്ലിക് സർവ്വീസ് കമ്മീഷനെതിരായാണ് പ്രശാന്ത് കിഷോറിന്റെ സമരം. സമരവുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ പട്ന പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പ്രശാന്ത് കിഷോറിനെ ഏത് സമയത്തും അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രശാന്ത് കിഷോർ നിരാഹാരമിരിക്കുന്ന ഗർദാനി ബാഗിലെ നിയുക്ത പ്രദേശത്ത് പ്രതിഷേധം നടത്തതരുതെന്ന പട്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രശാന്തിനും 150 ഓളം അനുയായികൾക്കുമെതിരെ ജില്ല മജിസ്ട്രേറ്റ് കേസ് എടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ പ്രശാന്ത് കിഷോറിന്റെ പ്രതിഷേധ സമരത്തെ പിന്തുണച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക