കൊല്ലം : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം സി ബി ഐ പിടികൂടി. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കൊല്ലം അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരെയാണ് പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവില്‍ പോയി.പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
കരസേനയില്‍ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2012 ല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു.
ഇരുവരും രാജ്യം വിട്ടു എന്ന രീതിയിലായിരുന്നു അന്വേഷണം തുടര്‍ന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പാണ് ഇവര്‍ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരം സി ബി ഐ ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്.
2006 ഫെബ്രുവരി മാസത്തിലാണ് അഞ്ചല്‍ സ്വദേശിനി, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും17 ദിവസം പ്രായമായ ഇരട്ട പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ദിബില്‍ കുമാറിനും രാജേഷിനും പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.
പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും. അവിടെവച്ച് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നതിങ്ങനെ, ദിബില്‍കുമാറിന് രഞ്ജിനിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. എന്നാല്‍ രഞ്ജിനിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന് കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനായി വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍കുമാറും രാജേഷും അവിടെയെത്തി മൂന്ന് പേരെയും കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
പൊലീസ് അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ആദ്യം 50000 രൂപ ഇനാം പ്രഖ്യാപിക്കുകയും പിന്നീടത് രണ്ട് ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു എന്ന് സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: