ന്യൂദെൽഹി:ഛത്തിസ്ഗഡിലെ ഒരു പ്രാദേശിക വാർത്ത ചാനലിൽ ജോലി ചെയ്തിരുന്ന മുകേഷ് ചന്ദ്രാകറിന്റെ(28) മൃതദേഹം ബിജാപൂർ ജില്ലയിലെ ഒരു കരാറുകാരന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. കരാറുകാരൻ സുരേഷ് ചന്ദ്രകറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഒരു റോഡിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകളും അഴിമതിയും മുകേഷ് തന്റെ ചാനലിലൂടെ തുറന്ന് കാട്ടിയിരുന്നു. ഇതിനെ തുടർന്ന് മുകേഷിന് നേരെ ഭീഷണി ഉയർന്നിരുന്നു. പുതുവർഷദിനത്തിലാണ് മുകേഷിനെ കാണാതാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണുദേവ്സായി അനുശോചിച്ചു. കുറ്റവാളിയെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗഗളൂരിൽ നിന്നും നെലസനാർ ഗ്രാമത്തിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച മുകേഷിന്റെ റിപ്പോർട്ടിനെ തുടർന്ന് കരാറുകാരൻ സുരേഷ് ചന്ദ്രകർ ഉൾപ്പെടെ മൂന്ന് പേർ മുകേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷിനെ കാണാതാകുന്നതിന് തൊട്ട് മുമ്പ് അവസാനം വന്ന ഫോൺ കോൾ കരാറുകാരൻ സുരേഷിന്റെതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുകേഷിന്റെ മൃതദേഹം കോൺക്രീറ്റ് ചെയ്ത സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. പ്രാദേശിക മാധ്യമ പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. റായ്പൂരിൽ പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
ആരായിരുന്നു മുകേഷ്
159,000 ലധികം വരിക്കാരുള്ള ബസ്തർ ജംഗ്ഷൻ എന്ന ജനപ്രിയ യുട്യൂബ് ചാനൽ നടത്തിയിരുന്ന മുകേഷ് ഒരു പ്രമുഖ ദേശീയ വാർത്ത ചാനലിന്റെ സ്ട്രിംഗറായി ജോലി ചെയ്യുകയായിരുന്നു. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട മുകേഷിന്റെ സഹോദരൻ യുകേഷും മാധ്യമ പ്രവർത്തകനാണ്. 2021 ൽ ബീജാപൂരിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സിആർപിഎഫ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് മുകേഷ് ചന്ദ്രകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: