തിരുവനന്തപുരം: 39 വര്‍ഷക്കാലം ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകയായിരുന്ന ഹേമലതയുടെ മകള്‍ പൂര്‍ണ്ണിമ കണ്ണന്‍ വിവാഹിതയായി. ഇപ്പോള്‍ മലയാള സിനിമാരംഗത്ത് സംഗീതസംവിധായകനായി തിളങ്ങുന്ന വിഷ്ണു വിജയ് ആണ് വരന്‍.
ചെന്നൈയിൽ വച്ചായിരുന്നു പൂര്ണിമയുമായുള്ള വിഷ്ണുവിന്റെ ഈ വിവാഹം നടന്നത് .വളരെ കുറച്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. മുൻപ് റേഡിയോ ജോക്കിയായിരുന്ന പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ഇന്‍ഫ്ലുവന്‍സറാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണുവും പൂർണിമയും തമ്മിൽ വിവാഹിതരാകുന്നത്. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണ്.
ടൊവിനോ നായകനായ ഗപ്പി എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ വിഷ്ണു വിജയ് നിരവധി സിനിമകള്‍ക്ക് സംഗീതം ചെയ്തു. തനിയെ മിഴികള്‍ തുളുമ്പിയോ…മഞ്ഞേറും വിണ്ണോരം, മഴമായും പോലെ…കുഞ്ഞോമല്‍, കണ്ണോരം കണ്ണീരും മായേണം….. എന്ന ഗപ്പിയിലെ ആദ്യഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. അമ്പിളി എന്ന സിനിമയിലെ എന്‍ നെഞ്ചാകെ നീയല്ലേ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സൂരജ് സന്തോഷാണ് ഈ ഗാനം ആലപിച്ചത്.
പിന്നീട് നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് സംഗീതം ചെയ്‌തതും വിഷ്ണുവാണ്. പ്രേമലുവിലെ ഗാനങ്ങള്‍ ചെയ്തതും വിഷ്ണു വിജയ് ആണ്. അതും സൂപ്പര്‍ ഹിറ്റായിരുന്നു. പ്രാവിൻകൂട് ഷാപ്പ് ആണ് വരാനിരിക്കുന്ന സിനിമ..ഫ്ളോട്ടിസ്റ്റ് (പുല്ലാങ്കുഴല്‍ വാദകന്‍ ) എന്ന നിലയില്‍ നല്ലൊരു സ്റ്റേജ് പെര്‍ഫോമറുമാണ് വിഷ്ണു വിജയ്. മലയാളം സിനിമാ ഇൻഡസ്‌ട്രിയിൽ എത്തുന്നതിന് മുമ്പ്, തമിഴിലും തെലുങ്കിലും പ്രശസ്ത സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദിനും തമിഴിൽ ജിവി പ്രകാശ് കുമാര്‍ , വിജയ് ആൻ്റണി , സന്തോഷ് നാരായണൻ എന്നിവരോടൊപ്പവും വിഷ്ണു വിജയ് പ്രവർത്തിച്ചിട്ടുണ്ട് . അമിത് ത്രിവേദിക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക ഹേമലതയുടെ ഭര്‍ത്താവ് ജി.ആർ. കണ്ണൻ പ്രോഗ്രാം എക്സിക്യുട്ടിവായാണ് ദൂരദർശനിൽ നിന്നും വിരമിച്ചയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക