Kerala

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

Published by

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് തിങ്കളാഴ്ച രാവിലെ 10.15ന് ഹർജിയിൽ വിധി പറയുക. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയത്.

നവിൻ ബാബുവിൻ്റേത് ആത്മഹത്യയാണെന്ന് ഞങ്ങൾ കരുതുന്നില്ലെന്നും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയം ഞങ്ങൾക്കുണ്ടെന്നുമാണ് മഞ്ജുഷ കോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം ഇതുവരെയും ഉറപ്പാക്കിയിട്ടില്ല. ഒരു സിപിഎം നേതാവ് പ്രതിയായിരിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സുത്യാര്യമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. അതിനാൽ സിബിഐ വന്നാൽ മാത്രമേ സത്യം തെളിയൂവെന്നുമാണ് മഞ്ജുഷ ആവശ്യപ്പെട്ടത്.

എന്നാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ എടുത്ത നിലപാട്. ബൃഹത്തായ ഒരു അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ വച്ച് സർക്കാർ നടത്തുന്നുണ്ട്. ഇത് കൊലപാതകമാണെന്ന് കുടുംബത്തിന് ആശങ്കയുണ്ടെങ്കിൽ അക്കാര്യം കൂടി അന്വേഷണം സംഘം പരിശോധിക്കും. ആത്മഹത്യയാണെന്നാണ് നിലവിലെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സർജന്മാരും ആത്മഹത്യയാണെന്നാണ് ഉപദേശം തന്നിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.

അതേസമയം ഹൈക്കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സിബിഐക്ക് വിടേണ്ട കേസാണോയെന്ന് കോടതിക്ക് ബോധ്യപ്പെടണമെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പലതവണ വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക