ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഡിസി, എസ്പി ഓഫീസുകൾ സായുധരായ കുക്കി ഭീകരർ ആക്രമിച്ചു. സംഭവത്തിൽ എസ് പി മനോജ് പ്രഭാകർക്ക് തലയിൽ പരിക്കേറ്റു. മറ്റ് പോലീസുകാർക്കും പരിക്കേറ്റു. ആക്രമണത്തിനായി ഓട്ടോമാറ്റിക് ആയുധങ്ങളുമായി കുക്കി ഭീകരർ സ്റ്റേഷനിലേക്ക് ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
നേരത്തെ, കാങ്‌പോക്‌പി ജില്ലയിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു, അവരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് അത്യാധുനിക തോക്കുകളുമായി സായുധരായ തീവ്രവാദികൾ, യൂണിഫോം പോലുള്ള വസ്ത്രം ധരിച്ച്, സേനയ്‌ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആക്രമണത്തിനെത്തിയത്. പോലീസ് വാഹനങ്ങളടക്കം ഇവർ അടിച്ചു തകർത്തു.
പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം ഉണ്ടാക്കുകയും വാർത്താവിനിയമ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു. പ്രദേശത്ത് കേന്ദ്ര സുരക്ഷാ സേനയുടെ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കുക്കി ഭീകരർ പ്രതിഷേധത്തിലാണ്. കുക്കി ഭീകരസംഘടനകൾ സ്ഥാപിച്ച അനധികൃത ബങ്കറുകൾ അടച്ചുപൂട്ടുന്നതിനെതിരെ കുക്കി സംഘടനകളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അർദ്ധസൈനിക വിഭാഗവുമായി നിരവധി കുക്കി സംഘടനകൾ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ സൈന്യം നടത്തിയ പരിശോധനയിൽ വെടിക്കോപ്പുകൾ ഉൾപ്പടെ നിരവധി വിദേശനിർമിത ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: