Kerala

തലസ്ഥാനത്ത് കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാപൂരം, മാറ്റുരയ്‌ക്കാനെത്തുന്നത് പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ

Published by

തിരുവനന്തപുരം: തലസ്ഥാനത്ത് അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കത്തിന് തിരി തെളിയിച്ചു. കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞത്. 25 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്‌ക്കുക.

ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി.

249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്‌ത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക