സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസ് ബൗളർമാരുടെ കരുത്തിന് മുന്നിൽ ഓസ്ട്രേലിയയ്‌ക്ക് തകർച്ച. ആദ്യ ദിവസം 185 റൺസിനു പുറത്തായ ഇന്ത്യ, രണ്ടാം ദിവസം ഓസ്ട്രേലിയയെ 181 റൺസിന് പുറത്താക്കി നാല് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.
രണ്ടാം ദിനം ഒമ്പത് വിക്കറ്റുകളാണ് ഓസീസ് പടയ്‌ക്ക് നഷ്ടമായത്. 57 റൺസെടുത്ത അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്ററാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. വെബ്സ്റ്ററെ കൂടാതെ ഓപ്പണർ സാം കോൺസ്റ്റാസ് (23), സ്റ്റീവൻ സ്മിത്ത് (33), വിക്കറ്റ് കീപ്പർ അലക്സ് കാരി (21), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (10) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോറുകൾ നേടാൻ സാധിച്ചത്.
ഇന്ത്യയ്‌ക്കു വേണ്ടി മൂന്നുവിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയ ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. പരമ്പരയിൽ പ്രസിദ്ധിന് ഇത് ആദ്യ മത്സരമാണ്.
അതേസമയം, ക്യാപ്റ്റനും പരമ്പരയിലെ ഏറ്റവും മികച്ച ബൗളറുമായ ജസ്പ്രീത് ബുംറയ്‌ക്കു പരുക്കേറ്റത് ഇന്ത്യക്ക് ആശങ്ക പകരുന്നു. പരമ്പരയിൽ ഇതുവരെ 152 ഓവറിലേറെ എറിഞ്ഞു കഴിഞ്ഞ ബുംറയുടെ പരുക്കു ഗുരുതരമെന്നാണ് സൂചന. അദ്ദേഹത്തെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണ്. മൂന്നാം സെഷനിൽ ഓരോവർ മാത്രം എറിഞ്ഞ ബുംറ മത്സരത്തിൽ ഇതുവരെ രണ്ട് വിക്കറ്റാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: