ആലപ്പുഴ: ഹിന്ദുക്കള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഹൈന്ദവരിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആചാരാനുഷ്ടാനങ്ങളില്‍ വ്യത്യസ്തതയുണ്ട്. എങ്കിലും ഒന്നിച്ചു നില്‍ക്കണം. ക്രൈസ്തവരിലും പല വിഭാഗങ്ങളുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ പേരില്‍ അവര്‍ ഒന്നിക്കും. മുസ്ലീങ്ങളിലെ പല വിഭാഗക്കാരും അവരുടെ പൊതു ആവശ്യങ്ങളില്‍ ഒന്നിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി. ഇടതുപക്ഷം എന്തൊക്കെ അവര്‍ക്ക് വേണ്ടി ചെയ്തു. പക്ഷെ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് ലഭിച്ചില്ല, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തില്‍ ഭിന്നതയൊന്നുമില്ല. നായാടി മുതല്‍ നമ്പൂതിരി വരെ എന്നു ഞങ്ങള്‍ പറഞ്ഞതു മാറ്റി നായാടി മുതല്‍ നസ്രാണി വരെ എന്നാക്കി. അങ്ങനെ ചിന്തിക്കുന്ന അവസ്ഥയിലേക്കു കേരള രാഷ്ട്രീയം എത്തിച്ചു. ജനസംഖ്യയില്‍ നല്ല ശതമാനമുള്ള നസ്രാണികള്‍ ഒരുപാടു പ്രയാസങ്ങള്‍ നേരിടുന്നു. അവരെ മാറ്റിനിര്‍ത്തേണ്ടതില്ല.
ഷര്‍ട്ട് ധരിച്ചു ക്ഷേത്രത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറഞ്ഞതോടെ ആ വിഷയം അവസാനിച്ചു. സനാതന ധര്‍മ വിവാദത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ പണ്ഡിതനല്ല. ഞാനതു പഠിച്ചിട്ടില്ല. അനാചാരങ്ങള്‍ പലതും ഗുരു പിഴുതു ദൂരെയെറിഞ്ഞു. ഒരു ദിവസംകൊണ്ട് എല്ലാം അവസാനിക്കില്ല. എങ്കിലും ഏറെ മാറ്റങ്ങള്‍ വന്നു. എസ്എന്‍ഡിപി യോഗം വക ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചു കയറാമെന്ന രീതി വര്‍ഷങ്ങളായി നടപ്പാക്കുന്നുണ്ട്. സ്വാമി സച്ചിദാനന്ദ ഇപ്പോഴാണ് ഇത് പറഞ്ഞതെന്ന് മാത്രം. ഞങ്ങള്‍ക്കതു പുതിയ കാര്യമല്ല. അതുകൊണ്ടു യോഗം അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.
വര്‍ഷങ്ങളുടെ പിണക്കം അവസാനിപ്പിച്ചു രമേശ് ചെന്നിത്തലയെ മന്നം ജയന്തി പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്തെങ്കിലും സ്ഥാനത്തിനു വേണ്ടിയാണോ എന്നറിയില്ല. പക്ഷേ, അദ്ദേഹത്തെ എന്‍എസ്എസിന്റെ പുത്രനെന്നു വിശേഷിപ്പിച്ചത് അല്പം കടന്നുപോയി. എന്‍എസ്എസിന്റെ പുത്രനായി രാഷ്ട്രീയത്തില്‍ വന്നാല്‍ എന്‍എസ്എസിനു വേണ്ടിയല്ലേ പ്രവര്‍ത്തിക്കൂ? അച്ഛനു വേണ്ടിയല്ലേ മകന് പ്രവര്‍ത്തിക്കൂ? ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു മുന്‍പത്തേതിനെക്കാള്‍ പ്രതിഛായ അല്പം മോശമാണെന്ന് എല്ലാവര്ക്കും അറിയാം. എ.കെ. ശശീന്ദ്രനെ മാറ്റി പ്രവര്‍ത്തന പരിചയമില്ലാത്ത കുട്ടനാട് എംഎല്‍എയെ മന്ത്രിയാക്കിയിട്ട് എന്തു ചെയ്യാനാണ്. ഇടതുപക്ഷത്തിനും അതിനു വേണ്ടി ചോരയും നീരുമൊഴുക്കിയ പിന്നാക്ക വിഭാഗത്തിനും സ്വാധീനമുള്ള കുട്ടനാട്ടില്‍ അവര്‍ക്ക് അര്‍ഹമായതു പലപ്പോഴും നഷ്ടമാകുന്നു, വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: