കണ്ണൂര്‍: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പെരിയയില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടിയോളം രൂപ. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് തടയാന്‍ കേസ് നടത്തിപ്പിന് വേണ്ടി മാത്രമാണ് ഇത്രയും തുക ചെലവഴിച്ചത്. ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീംകോടതി വരെ നീണ്ടു. കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ആവശ്യം ഒരു ഘട്ടത്തിലും അംഗീകരിച്ചില്ല.
സിബിഐ അന്വേഷണം എന്ന ആവശ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകരായ മനീന്ദര്‍ സിങ്, പ്രബാസ് ബജാജ്, രഞ്ജിത്ത് കുമാര്‍, രവി പ്രകാശ് എന്നിവര്‍ ഹൈക്കോടതിയില്‍ എത്തി. വക്കീല്‍ ഫീസിനത്തിലും യാത്രാചെലവ്, താമസം എന്നിവയ്ക്കുമായി 97,17,359 രൂപയാണ് പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത്. വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീംകോടതിയിലും ഹാജരായി. ഈ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു. 2,18,495 രൂപ താമസം, യാത്രക്കൂലി എന്നിവക്കായി സര്‍ക്കാര്‍ നല്കി. പ്രബാസ് ബജാജിന് 3 ലക്ഷം രൂപയും രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയും ഫീസായി നല്കി. എന്നാല്‍ ഹൈക്കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ സര്‍ക്കാര്‍ തോല്‍ക്കുകയും കേസ് അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു.
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിഷേധം ശക്തമായതോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാല്‍ ഇതില്‍ തൃപ്തരല്ലാത്ത കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2019 സപ്തംബറില്‍ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന് ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കി. അപ്പീല്‍ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ തടസഹര്‍ജിയും നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ 2019 ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബര്‍ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: