ന്യൂഡല്‍ഹി: മണ്ണിലെ വിഷാംശം തിന്ന് ജീവിക്കുന്ന ബാക്ടരീയയെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഈ ബാക്ടീരിയകള്‍ക്ക് സഹായകരമായ പോഷകങ്ങള്‍ ഉപോല്‍പ്പന്നമായി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ചുവരുന്ന മലിനീകരണം തടയുന്നതിനായി വിഷ രാസവസ്തുക്കളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ബാക്ടീരിയകളെക്കുറിച്ച് ഗവേഷകരുടെ നേതൃത്വത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഐടി ബോംബെ അറിയിച്ചു. മണ്ണില്‍നിന്ന് ജൈവ മലിനീകരണം നീക്കം ചെയ്യുന്നതിന് നിര്‍ദിഷ്ട ബാക്ടീരിയകളുപയോഗിച്ചതായി എന്‍വിയോണ്‍മെന്റൽ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍(Environmental Technology & Innovation) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അവര്‍ വ്യക്തമാക്കി. ഈ ബാക്ടീരിയകള്‍ സസ്യങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും ദോഷകരമായ ഫംഗസുകളുടെ വളര്‍ച്ച തടയാനും സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കീടനാശികളിൽ അടങ്ങിയ സുഗന്ധമുള്ള സംയുക്തങ്ങളില്‍ നിന്നുള്ള മണ്ണ് മലിനീകരണം കാര്‍ഷിക വ്യവസായത്തിലെ വെല്ലുവിളികളിലൊന്നാണ്. ഈ സംയുക്തങ്ങള്‍ വിഷാംശമുള്ളവയാണ്. അത് വിത്ത് മുളയ്‌ക്കുന്നത് തടയുകയും ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിളവ് കുറയ്‌ക്കുകയും ചെയ്യും. കൂടാതെ, ഈ വിഷാംശം വിത്തുകളിലും സസ്യങ്ങളിലും അടിഞ്ഞ് കൂടുകയും ചെയ്യും.
‘‘കാര്‍ബറില്‍, നഫ്താലിന്‍, ബെന്‍സോയേറ്റ്, താലേറ്റുകള്‍ തുടങ്ങിയ നിരവധി സുഗന്ധ സംയുക്തങ്ങള്‍ കീടനാശികള്‍ തയ്യാറാക്കുമ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, നിര്‍മാണ വസ്തുക്കൾ, ഭക്ഷണങ്ങള്‍, ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകള്‍, ചായങ്ങള്‍, പെട്രോളിയം, പ്ലാസ്റ്റിക് എന്നിവ നിര്‍മിക്കുന്ന വ്യവസായശാലകളും നിരവധി ഉപോല്‍പ്പന്നങ്ങള്‍ പുറത്തുവിടുന്നുണ്ട്. മണ്ണ് നീക്കം ചെയ്യുക അല്ലെങ്കില്‍ കെമിക്കല്‍ ട്രീറ്റ് മെന്റ് എന്നിവയാണ് ഇവയ്‌ക്കുള്ള പരമ്പരാഗത പരിഹാര മാര്‍ഗങ്ങള്‍. ഇത് താരതമ്യേന ചെലവേറിയതും അതേസമയം, പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ കഴിയാത്തവയുമാണ്,’’ ഐഐടി ബോംബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക