ചെന്നൈ: നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടുതടങ്കലിലാക്കിയും നീതിറാലി തകര്‍ക്കാനുള്ള പോലീസിന്റെ നീക്കങ്ങളെ അതിജീവിച്ച് മഹിളാമോര്‍ച്ച മധുരയില്‍ ആയിരക്കണക്കിന് വനിതകള്‍ അണിനിരന്ന നീതിറാലി നടത്തി.
അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രഖ്യാപിച്ച നീതിറാലിക്ക് നേരെയായിരുന്നു പോലീസ് വേട്ട. ജില്ലകള്‍ കേന്ദ്രീകരിച്ച് നേതൃത്വത്തെ ഒന്നാകെ വീട്ടുതടങ്കലില്‍ ആക്കിയും തടഞ്ഞും റാലി പൊളിക്കാന്‍ പോലീസ് നടത്തിയ എല്ലാ ശ്രമങ്ങളെയെല്ലാം തകര്‍ത്ത് മധുരൈയില്‍ ആയിരക്കണക്കിന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഒത്തുകൂടി. അവര്‍ പ്രതികളെ സംരക്ഷിക്കുന്ന ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു.
മധുരയില്‍ ബിജെപി മഹിളാമോര്‍ച്ച നേതാവും നടിയും മുന്‍ ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുശ്ബു സുന്ദറിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡില്‍ കുത്തിയിരുന്ന മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അവര്‍ റാലിക്ക് അനുമതി നല്‍കില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. കുശ്ബു സുന്ദര്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ഉമാരതി രാജന്, ബിജെപി എംഎല്‍എ ഡോ. സി. സരസ്വതി തുടങ്ങി നിരവധി നേതാക്കളെയാണ് റാലി തകര്‍ക്കുന്നതിനായി അറസ്റ്റ് ചെയ്തത്.
പോലീസ് നടപടിയെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് അപലപിച്ചു. ഡിഎംകെ സര്‍ക്കാരിന് കീഴില്‍, ഗുണ്ടകളും സ്ത്രീപീഡകരും സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. ഡിഎംകെ പ്രവര്ത്തകനാല് ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് നീതി തേടി മധുരയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നത് തടയാന്‍ മഹിളാമോര്‍ച്ചാ ഭാരവാഹികളെ വിവിധ ജില്ലകളില്‍ അറസ്റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തതായും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: