തിരുവനന്തപുരം: നൂറ്റിപ്പതിനേഴ് പവന്റെ സ്വര്‍ണക്കപ്പ് പ്രധാനവേദിയിലേക്ക് എത്തി. കലവറയും പാചകപ്പുരയും ഉണര്‍ന്നു. 25 വേദികളും ഒരുങ്ങിക്കഴിഞ്ഞു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇനി അഞ്ചുനാള്‍ തിരുവനന്തപുരത്ത് കലാപൂരം.
രാവിലെ ഒന്‍പതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാനവേദിയില്‍ സജ്ജീകരിച്ചിരിക്കുന്ന 15 അടി ഉയരമുള്ള വീണയുടെ മാതൃകയില്‍ തയാറാക്കിയ കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ 44 കലാകാരന്മാര്‍ അണിനിരക്കുന്ന സ്വാഗതഗാന ദൃശ്യാവിഷ്‌കാരം അരങ്ങേറും. 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരിതെളിയിച്ച് കലോത്സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നിന്നും എത്തുന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ സംഘനൃത്തം അവതരിപ്പിക്കും. അതിനുശേഷം 25 വേദികളിലും മത്സരങ്ങള്‍ക്ക് തുടങ്ങും. അഞ്ച് ഗോത്രകലാരൂപങ്ങള്‍ ആദ്യമായി മത്സരത്തിനെത്തുന്നു എന്ന പ്രത്യേകതയും ഈവര്‍ഷത്തെ കലോത്സവത്തിനുണ്ട്. ഇതടക്കം 249 ഇനങ്ങളിലാണ് മത്സരം.
ജില്ലകളില്‍ നിന്നും ഓണ്‍ലൈനായി ഇന്നലെ എഴുനൂറോളം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 10,024 കുട്ടികള്‍ ഇന്നലെ രാത്രി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍എസ്എസ്, എന്‍സിസി ഉള്‍പ്പടെ 5,000ത്തോളം വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുവാങ്ങി. കാസര്‍കോട് നിന്ന് ഘോഷയാത്രയായാണ് സ്വര്‍ണകപ്പ് എത്തിച്ചത്. ഇന്നലെ രാവിലെ തന്നെ കലോത്സവത്തിന്റെ പാചകപ്പുര ഉണര്‍ന്നു. ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണം തയാറാക്കുന്നത്. ദിവസവും നാല്‍പ്പതിനായിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക