തിരുവനന്തപുരത്ത്: ‘ഭാരതീയ ശാസ്ത്രവും സംസ്കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സെമിനാറില്‍ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയിലേക്ക് ഭാരതീയ ശാസ്ത്രങ്ങളുടെ സംഭാവനകളെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.
ജ്യോതിശാസ്ത്രം, ആയുര്‍വേദം (വൈദ്യശാസ്ത്രം) തുടങ്ങിയ മേഖലകളില്‍ പ്രാചീന ഭാരതീയ ചിന്തകരുടെ സംഭാവനകളെക്കുറിച്ചുള്ള ശ്രദ്ധേയമായ പ്രഭാഷണം നടത്തി ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ. ഭൂതകാലത്തില്‍ നിന്ന് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചുള്ള ആര്യഭട്ടന്റെ സിദ്ധാന്തങ്ങള്‍ പോലെ ഒരുകാലത്ത് വിപ്ലവകരമെന്ന് കരുതിയിരുന്ന ആശയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ചര്‍മ്മ മാറ്റിവയ്ക്കല്‍ (ട്രാന്സ്പ്ലാന്റേഷന്) പോലുള്ള വിദ്യകള്‍ ആധുനിക രീതികളോട് സാമ്യമുള്ളതായി ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ ശാസ്ത്ര പൈതൃകത്തില്‍ അഭിമാനിക്കണമെന്ന് ഡോ. ചന്ദ്രഭാസ് നാരായണ സദസ്സിനോട് ആഹ്വാനം ചെയ്തു. പാശ്ചാത്യ സാങ്കേതിക വിദ്യകളുടെ കേവല അനുകരണത്തിന് അപ്പുറത്തേക്ക് നീങ്ങാനും നൂതനാശയങ്ങളില്‍ നേതാക്കളാകാനും യുവ ഗവേഷകരോട് ആവശ്യപ്പെട്ടു.
ഭാരതീയ നോളജ് സിസ്റ്റങ്ങളുടെ ഏകീകരണത്തെക്കുറിച്ച് എന്‍ഐടി കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ വിശദീകരിച്ചു. ഭാരതീയ അറിവ് അനുഭവപരവും അവബോധത്തില്‍ അധിഷ്ഠിതവും ആത്യന്തികമായി ജ്ഞാനത്തിലേക്ക് നയിക്കുന്നതുമാണ് എന്ന ആശയത്തിന് അദ്ദേഹം അടിവരയിട്ടു.
‘ഭാരത സമ്പന്നമായാല്‍ അത് ആരെയും അടിച്ചമര്‍ത്തില്ല. അതാണ് യഥാര്‍ത്ഥ ‘ഭാരതീയത” എന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
സംസ്കൃത വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാത്തത് ഖേദകരമാണെന്ന് ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ശിവപ്രസാദ് പറഞ്ഞു. കേരള വ്യാസന് എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സംഭാവനകളെ പരാമര്‍ശിക്കുകയും ഭാരതത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
പുരാതന ഭാരതീയ ഗ്രന്ഥങ്ങളില്‍ നിലനില്‍ക്കുന്ന വിജ്ഞാനത്തോടുള്ള സമഗ്രമായ സമീപനത്തെക്കുറിച്ച് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി & എന്‍വയോണ്‍മെന്റ് നോഡല്‍ ഓഫീസര്‍ ഡോ. അജിത് പ്രഭു വിശദീകരിച്ചു. ലോഹശാസ്ത്രം, മരപ്പണി, കൃഷി, ആല്‍ക്കെമി തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഭാരതീയ പണ്ഡിതന്മാരുടെ മഹത്തായ സംഭാവനകള്‍ അദ്ദേഹം എടുത്തുകാട്ടി. ആറന്മുള മെറ്റല്‍ മിറര്‍ പോലുള്ള പ്രത്യേക ഉദാഹരണങ്ങള്‍ പരാമര്‍ശിച്ചു. അത് ഇപ്പോഴും പരമ്പരാഗത രീതിയില്‍ ലോഹങ്ങള്‍ മിനുക്കിയെടുത്ത് സവിശേഷമായ ഒപ്റ്റിക്കല്‍ പ്രതിഫലനം സൃഷ്ടിക്കുന്നു. ആല്‍ക്കെമിയിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ ‘രസരത്ന സമുച്ചയ’യിലെ ലോഹങ്ങളുടെ ചിട്ടയായ പ്രദര്‍ശനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുരാതന ഭാരതീയ ഗണിതശാസ്ത്രജ്ഞരായ ആര്യഭട്ടന്, ബ്രഹ്മഗുപ്തന്‍, വരാഹമിഹിരന് എന്നിവരുടെ വൈഭവത്തെ അജിത് പ്രഭു ഊന്നിപ്പറഞ്ഞു.
ജ്യോതിശാസ്ത്രം, ആയുര്‍വേദം, ഗണിതശാസ്ത്രം, ലോഹശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പുരാതന ഭാരതീയ പണ്ഡിതന്മാര് നല്കിയ അഗാധ സംഭാവനകള്‍ അടിവരയിട്ട് സെഷന് സമാപിച്ചു. അറിവിന്റെ പുനരുജ്ജീവനത്തിനും സമകാലിക ശാസ്ത്ര വ്യവഹാരത്തിലേക്ക് അതിനെ സമന്വയിപ്പിക്കാനും സെഷന് പ്രചോദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: