കോട്ടയം: പാലായിലെ എണ്ണപ്പെട്ട സ്ഥാപനമായ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാന്‍ സമരം ശക്തമാക്കുന്നു. പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിക്കുന്ന ബാങ്കില്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ കോടികള്‍ വെട്ടിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് പ്രതിസന്ധിയിലായത്. ഇപ്പോഴും ലക്ഷങ്ങള്‍ നിക്ഷേപം ഉള്ളവര്‍ക്ക് പോലും 5000 രൂപ മാത്രമാണ് പ്രതിമാസം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. വന്‍ കുടിശ്ശികയുള്ള ഏതാനും പേരുടെ ആസ്തികള്‍ ജപ്തി ചെയ്യാന്‍ നടപടി ആരംഭിച്ചുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കാല് നൂറ്റാണ്ടോളം ബാങ്ക് പ്രസിഡണ്ട് ആയിരുന്ന ജോര്‍ജ് സി കാപ്പനും കോടികള്‍ തിരിച്ചടയ്ക്കാനുണ്ട്. മറ്റു മിക്കവാറും മുന്‍ ഭരണസമിതി അംഗങ്ങള്‍ കുടിശ്ശിക ഉള്ളവരാണ്. ബാങ്കില്‍ നിന്ന് വേണ്ടത്ര ഈടില്ലാതെ കോടികള്‍ വായ്പയെടുത്തു സിനിമ നിര്‍മ്മിച്ചവര്‍ പോലും ഇക്കൂട്ടരില്‍ ഉണ്ട്. ജോര്‍ജ് സി കാപ്പന് പ്രസിഡണ്ട് പദം ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും ഇടതുപക്ഷം തന്നെയാണ് ബാങ്ക് ഭരിക്കുന്നത്.ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ അനുബന്ധ സ്ഥാപനങ്ങളില്‍ പലതും പൂട്ടി.ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും കഴിയാത്ത സാഹചര്യമാണ്.പുതിയ നിക്ഷേപം എത്താത്തതും കുടിശ്ശിയുള്ളവര് തിരിച്ചടയ്ക്കാത്തതും ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: