ന്യൂദെൽഹി:സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ഭർത്താവ് അമ്പെയ്തു കൊന്നു. ഒഡിഷയിലെ കിയോഞ്ജറിലാണ് സംഭവം നടന്നത്. കിയോഞ്ജറിലെ ഹന്ദിഭംഗയിൽ നിന്നുള്ള ദസറ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ദസറ മുണ്ടയുടെ ഭാര്യ ചിനി മുണ്ട (35) യാണ് ഭർത്താവ് അമ്പെയ്തത് മൂലം കൊല്ലപ്പെട്ടത്.
ചിനി മുണ്ടയോടൊപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹേതരബന്ധമുണ്ടെന്ന് ഭർത്താവ് ദസറ മുണ്ട സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. ദസറ മുണ്ടയുടെ സംശയം അനുദിനം വർദ്ധിച്ചു. സഹപ്രവർത്തകനോടൊപ്പമുള്ള ജോലി ഉപേക്ഷിക്കാൻ ദസറ മുണ്ട ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ അതനുസരിക്കാൻ അവർ തയ്യാറായില്ല. ഇതോടെ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം രൂക്ഷമായി. എന്നാൽ ബുധനാഴ്‌ച്ച രാത്രി ഇരുവരും തമ്മിലുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ദസറ മുണ്ട ചിനിയുടെ നെഞ്ചിലേക്ക് അമ്പ് എയ്യുകയായിരുന്നു. അമ്പ് കൊണ്ട് വീണ ചിനിയെ ദസറയടക്കം കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് അവർ മരിച്ചു. ദസറ മുണ്ട കുറ്റം സമ്മതിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: