പുതുവത്സരത്തില്‍ ഭാരതം ഉല്പാദന, സാമ്പത്തിക മേഖലകളില്‍ ശക്തമായ ചുവടുകളോടെ മുന്നേറുമെന്ന സൂചനയാണ് പോയ വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത്. വളര്‍ച്ചയ്‌ക്കുള്ള ഉറച്ച അടിത്തറ രാഷ്‌ട്രത്തിനു ലഭ്യമായിക്കഴിഞ്ഞു. ഭാരതത്തിന്റെ ഉല്പാദനബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികള്‍ രാജ്യത്തിന്റെ വ്യാവസായിക ഭാവിയെ രൂപപ്പെടുത്തുന്നതില്‍ പരിവര്‍ത്തനാത്മകമായ ചുവടുവയ്‌പ്പുകളായി മാറിയിരിക്കുന്നു. രാജ്യത്തെ ഉല്‍പ്പാദന മേഖലയെ ഗുണപരമായ വളര്‍ച്ചയിലേക്കും ആഗോള തലത്തില്‍ മത്സരക്ഷമമായ ഒരു കേന്ദ്രമാക്കുന്നതിലേക്കുമാണ് ഈ പദ്ധതികള്‍ വഴി ഭാരതം കുതിച്ചുചാട്ടം നടത്തുന്നത്. പിഎല്‍ഐ പദ്ധതികള്‍ രാജ്യത്തെ 1.28 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 8.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കയറ്റുമതി 4 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടൊപ്പം 10.8 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനവും വില്‍പ്പനയും സജീവമായി തുടരുന്നു. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയും, ഭാരതത്തിന്റെ ഉല്‍പ്പാദന മേഖലയുടെ സമഗ്ര പുനരുജ്ജീവനം ഉറപ്പാക്കുകയും ചെയ്യുന്നു.
ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന മേഖല, പ്രത്യേകിച്ചു മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖല, അതിവേഗ വളര്‍ച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണ്. 2014ല്‍ 1.9 ലക്ഷം കോടി രൂപയിലെത്തിയിരുന്ന ഉല്‍പ്പാദനം 2023 സാമ്പത്തിക വര്‍ഷത്തോടെ 8.22 ലക്ഷം കോടി രൂപയായി വളര്‍ന്നു. 400% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചതിലൂടെ സ്ത്രീ തൊഴിലാളികള്‍ക്കും വലിയ നേട്ടം ലഭിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപം എപിഐ, വാക്‌സിനുകള്‍, ബയോസിമിലറുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഭാരതത്തെ ശക്തിപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയെന്ന ഭാരതത്തിന്റെ സ്ഥാനം ഈ പദ്ധതികളിലൂടെ ഉറപ്പാക്കപ്പെടുന്നു. ഇതിന് പുറമെ, എയര്‍കണ്ടീഷണറുകളും എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഉരുക്ക് മേഖലയില്‍ 70% വര്‍ധന രേഖപ്പെടുത്തി. ഇതു ഭാരതത്തെ ഉരുക്ക് ഉല്‍പ്പന്നങ്ങളുടെ പ്രധാന കയറ്റുമതി രാജ്യമായി മാറ്റി. 2024ല്‍, ഇലക്ട്രിക് വാഹനങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ ആരംഭിച്ചു. ഇത് ഭാവിയിലെ നിര്‍ണായക മേഖലയില്‍ ഭാരതത്തിന്റെ സാന്നിധ്യം ഉറപ്പാക്കും. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ സ്‌കീം 40,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ശുദ്ധ ഊര്‍ജ്ജത്തിനോടുള്ള പ്രതിബദ്ധതയുടെ ഫലമായി 2014 മുതല്‍ സൗരോര്‍ജ്ജ ശേഷി 25 മടങ്ങ് വര്‍ധിച്ചു.
തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി 20% വര്‍ധിച്ച് 2.97 ലക്ഷം കോടി രൂപയിലെത്തിയതോടെ ഭാരതം ഈ രംഗത്ത് മികച്ച അഞ്ച് ആഗോള കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറി. പിഎല്‍ഐ പദ്ധതികള്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. മൂല്യ ശൃംഖലയിലെ പ്രധാന ഘടകമായി ഭാരതത്തെ ഉയര്‍ത്തിയ ഈ പദ്ധതികള്‍, ദീര്‍ഘകാല സമ്പദ് വ്യവസ്ഥാ വളര്‍ച്ചയുടെ താക്കോലാണ്. ഈ പദ്ധതികള്‍ ശക്തമായ ഉല്‍പ്പാദന ആവാസവ്യവസ്ഥയിലേക്കുള്ള ഭാരതത്തിന്റെ മുന്നേറ്റത്തിനു ഗതിവേഗം കൂട്ടാനും സമ്പദ് വ്യവസ്ഥയെ ‘ആഗോള തലത്തില്‍ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും ഏറെ സഹായിക്കും. സാഹചര്യങ്ങളെ ആവുംവിധം അനുകൂലമാക്കി ചുവടുറപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യവും അതിനൊപ്പമുള്ള ദൂരക്കാഴ്ചയുമാണ് ഭാരതത്തിന്റെ മുന്നോട്ടുള്ള പാതകളെ സുഗമമാക്കുന്നത്. ആഗോളതലത്തില്‍ വികസ്വര രാജ്യങ്ങളെപ്പോലും വിസ്മയിപ്പിക്കാന്‍ ഭാരതത്തിനു കഴിയുന്നതും ഇതുകൊണ്ടുതന്നെയാണ്. ആദ്യം രാഷ്‌ട്രം എന്ന സങ്കല്‍പത്തില്‍ ഊന്നിയുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഗുണഫലം കണ്ടുതുടങ്ങുക മാത്രമല്ല അതു ജനസമൂഹത്തിനു ബോധ്യപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ മുന്നേറ്റത്തെ സാധാരണ ജനസമൂഹത്തിന്റെ കൂടി നേട്ടമാക്കിമാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: