Kerala

സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും; രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയരും

Published by

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും. രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയര്‍ത്തും. 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ സംഘനൃത്തം അവതരിപ്പിക്കും.

ഉദ്ഘാടനശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം. 25 വേദികളിലാണ് മത്സരങ്ങള്‍. മത്സരങ്ങള്‍ കാണാനും മത്സര പുരോഗതി തത്സമയം അറിയാനും കൈറ്റ് മൊബൈല്‍ ആപ്പ് ഉണ്ട്. ഉത്സവം എന്ന പേരിലുള്ള ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്കും. 15,000 ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ (മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം) എന്നിവ മത്സരത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക